ജയ്‌പൂർ : രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം. നവംബർ 23ൽ നിന്ന് 25ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്. വിവാഹങ്ങളും പ്രാദേശിക ഉത്സവങ്ങളും അടക്കം മതപരമായ ചടങ്ങുകളും നടക്കുന്നതിനാൽ തീയതി മാറ്റണമെന്ന് സാമൂഹിക സംഘടനകളും രാഷ്‌ട്രീയ പാർട്ടികളും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തീയതിയിൽ മാറ്റം വരുത്തിയതെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.
ഇത്തരത്തിലുള്ള പരിപാടികൾ നടക്കുന്നതിനാൽ വോട്ടർമാരുടെ പങ്കാളിത്തം കുറയാൻ ഇടയാക്കിയേക്കും. അതോടൊപ്പം തന്നെ വോട്ടിങ്ങിന് ആവശ്യമായ സാമഗ്രികളും ജീവനക്കാരെയും പോളിങ് ബൂത്തുകളിൽ എത്തിക്കുന്നതിന് പ്രയാസം നേരിടും. ഇത്തരത്തിലുള്ള അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്.
രാജസ്ഥാന് പുറമെ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നവംബറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ ഏഴിന് മിസോറാമിലാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുക. മധ്യപ്രദേശിൽ നവംബർ 17നും തെലങ്കാനയിൽ നവംബർ 30നും വോട്ടിങ് നടക്കും. നവംബർ 7, 17 ദിവസങ്ങളിലായാണ് ഛത്തീസ്‌ഗഡ് തെരഞ്ഞെടുപ്പ് തീയതി.