മുംബൈ: നീലച്ചിത്ര നിർമാണ കേസിൽ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിൽ കഴിയുന്ന ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെയും കമ്പനിയുടെ ഐടി മേധാവിയെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുന്ദ്രയെയും മറ്റ് 11 പേരെയും ജൂലൈ 19നാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജൂലൈ 27 വരെയായിരുന്നു കുന്ദ്രയുടെ കസ്റ്റഡി കാലാവധി. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ബോംബെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങുന്നത്.
Also Read: നീലച്ചിത്ര നിർമാണക്കേസ്; കുന്ദ്രയുടെ ഓഫിസിൽ ഒളി അലമാര കണ്ടെത്തി ക്രൈംബ്രാഞ്ച്
അന്വേഷണത്തിന് കുന്ദ്ര സഹകരിക്കുന്നില്ലെന്ന് മുംബൈ പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. ജൂലൈ 25ന് കുന്ദ്രയുടെ വിയാൻ ഇൻഡസ്ട്രീസിലെ നാല് ജീവനക്കാർ കുന്ദ്രയ്ക്കെതിരെ സാക്ഷി പറഞ്ഞിരുന്നു. കുന്ദ്രയുടെ ഓഫിസിലെ റാക്കറ്റിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നാല് ജീവനക്കാരും മുംബൈ ക്രൈംബ്രാഞ്ചിന്‍റെ പ്രോപ്പർട്ടി സെല്ലിന് നൽകിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Also Read: ഹോട്ട്ഷോട്ടിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അറിവില്ലായിരുന്നു; ശിൽപ ഷെട്ടി
കുന്ദ്രയുടെ സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് നേരത്തെ ക്രൈം ബ്രാഞ്ച് നടി ശിൽപ ഷെട്ടിയെ ചോദ്യം ചെയ്തിരുന്നു. ഓഫിസിൽ നടത്തിയ റെയ്ഡിൽ ലാപ്ടോപ്പ്, പ്രിന്‍റർ, രേഖകൾ അടങ്ങിയ പെട്ടി എന്നിവ പൊലീസ് പിടിച്ചെടുത്തു.