മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ വ്യവസായി രാജ് കുന്ദ്രയെ കുരുക്കിലാക്കി മുംബൈ പൊലീസിന്‍റെ വെളിപ്പെടുത്തല്‍. രാജ് കുന്ദ്രയും സഹോദരി ഭര്‍ത്താവായ പ്രദീപ് ബാക്ഷിയും അന്താരാഷ്‌ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന നീലചിത്ര റാക്കറ്റിന്‍റെ മാസ്‌റ്റര്‍മൈന്‍ഡുകളാണെന്ന് മുംബൈ പൊലീസ് വെളിപ്പെടുത്തി.
പ്രമുഖരുടെ പങ്ക്
ഇന്ത്യയിലും യുകെയിലുമുള്ള കുന്ദ്രയുടേയും ബാക്ഷിയുടേയും കണ്ടന്‍റ് പ്രൊഡക്ഷന്‍ കമ്പനികളിലൂടെയാണ് ഇതിന്‍റെ പ്രവര്‍ത്തനമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രമുഖ അഭിനേതാക്കളും മോഡലുകളും ഇതിന് പിന്നിലുണ്ടെന്നും ഇന്ത്യയിലും വിദേശത്തുമായി രഹസ്യ ലൊക്കേഷനുകളില്‍ നീലച്ചിത്രങ്ങളുടെ ചിത്രീകരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഹോട്ട് കണ്ടെന്‍റ് എന്ന പേരില്‍ വിവിധ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ വില്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് പേരു വെളിപ്പെടുത്താത്ത പ്രമുഖ നിര്‍മാതാവ് പറഞ്ഞു.
പ്രവര്‍ത്തനം മൊബൈല്‍ ആപ്പിലൂടെ
പ്രദീപ് ബാക്ഷി ചെയര്‍മാനായ ലണ്ടനിലെ കെൻറിന്‍ ലിമിറ്റഡ്, രാജ് കുന്ദ്രയുടെ വിയാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നി സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള 'ഹോട്ഷോട്‌സ് ഡിജിറ്റല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്' എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് പ്രവര്‍ത്തനം. ലോകത്തെ ആദ്യത്തെ 18+ ആപ്പ് എന്ന വിശേഷണമുള്ള ആപ്പില്‍ ആഗോള തലത്തിലുള്ള മോഡലുകളുടേയും സെലിബ്രിറ്റികളുടേയും എക്‌സ്ക്ലൂസീവ് ഫോട്ടോകളും ഹ്രസ്വ ചിത്രങ്ങളും മറ്റ് വീഡിയോകളും ലഭ്യമാണ്.
മഞ്ഞുമലയുടെ അറ്റം
വെബ് സീരിസുകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് അഭിനേതാക്കളോട് അര്‍ദ്ധ നഗ്ന, നഗ്ന സീനുകള്‍ അഭിനയിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് പൊലീസ് കണ്ടത്തിയിരുന്നു. വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര വ്യവസായമെന്ന മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്ത് വന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.