ന്യൂഡൽഹി : ട്രയിനുകളിലും റെയിൽവേ സ്‌റ്റേഷൻ പരിസരത്തും മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപ പിഴചുമത്തി ഇന്ത്യൻ റെയിൽവേ. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ സോണുകളിലെയും ജനറൽ മാനേജർമാർക്ക് നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവേ എക്‌സിക്യുട്ടീവ് ഡയറക്‌ടർ നീരജ് ശർമ്മ അറിയിച്ചു. കൊവിഡ് വ്യാപനം ഒരു പരിധിവരെ മാസ്‌ക് ധരിക്കുന്നതിലൂടെ തടയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020 മെയ് 11 ന് ഇന്ത്യൻ റെയിൽവേ കൊണ്ടുവന്ന ട്രെയിനുകളുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിൽ (എസ്‌ഒപി) , എല്ലാ യാത്രക്കാരും പ്രവേശന സമയത്തും യാത്രയ്ക്കിടയിലും മാസ്‌കുകൾ ധരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് 70 ശതമാനം പാസഞ്ചർ ട്രയിനുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നിട്ടുണ്ട്.