ന്യൂഡൽഹി : കുട്ടികളുടെ യാത്രാനിരക്ക് പരിഷ്‌കരിച്ചതിലൂടെ കോടികളുടെ നേട്ടം കൊയ്‌ത് ഇന്ത്യന്‍ റെയില്‍വേ (Indian Railway). കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഈയിനത്തില്‍ റെയില്‍വേയ്ക്ക് ലഭിച്ച അധിക വരുമാനം 2,800 കോടിയിലേറെ രൂപയാണ് (Railways Earned Additional 2800 Crores from Child Travellers). സെന്‍റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (CRIS) ആണ്, വിവരാവകാശ നിയമപ്രകാരം (Right o Information Act) ലഭിച്ച അപേക്ഷയ്ക്ക് മറുപടിയായി ഇക്കാര്യം വെളിപ്പെടുത്തിയത്. റെയിൽവേ മന്ത്രാലയത്തിന് (Railway Ministry) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് CRIS. ടിക്കറ്റിങ്, ചരക്ക് സേവനങ്ങൾ, ട്രെയിൻ ട്രാഫിക് നിയന്ത്രണം തുടങ്ങിയ പ്രധാന മേഖലകളില്‍ റെയില്‍വേയ്ക്കുവേണ്ടി ഐടി സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത് ഈ ഏജന്‍സിയാണ്.
2022-23 സാമ്പത്തിക വർഷത്തിലാണ് ഇത്തരത്തില്‍ റെയില്‍വേ ഏറ്റവുമധികം ലാഭമുണ്ടാക്കിയത്. ഇക്കാലയളവില്‍ മാത്രം 560 കോടി രൂപയാണ് റെയില്‍വേക്ക് അധിക വരുമാനം ലഭിച്ചത്. ഏറ്റവും കുറവ് വരുമാനം ലഭിച്ചത് 2020-21 കാലത്താണ്. ഇക്കാലത്ത് 157 കോടി രൂപ മാത്രമായിരുന്നു കുട്ടികളുടെ യാത്രയില്‍നിന്ന് റെയില്‍വേയ്ക്ക് ലഭിച്ചത്. കൊവിഡ് വ്യാപനം (Covid Spread) അടക്കമുള്ള കാരണങ്ങളാണ് ഈ വര്‍ഷം വരുമാനം കുറയാനുള്ള കാരണമായി റെയില്‍വേ വിലയിരുത്തുന്നത്.
2016 മാര്‍ച്ച് 31 നാണ് കുട്ടികള്‍ക്ക് മുഴുവൻ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പരിഷ്കരണം കേന്ദ്ര റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചത്. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് പ്രത്യേകം സീറ്റോ ബെര്‍ത്തോ വേണമെങ്കില്‍ മുഴുവൻ ടിക്കറ്റ് നിരക്ക് ഈടാക്കാനാണ് റെയില്‍വേ തീരുമാനിച്ചത്. പ്രഖ്യാപിച്ച് ഒരുമാസത്തിനകം, ഏപ്രില്‍ 21 മുതല്‍ തന്നെ പരിഷ്‌കരണം നടപ്പാക്കി. നേരത്തെ ഈ പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് പ്രത്യേകം സീറ്റ് അനുവദിക്കാന്‍ മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കിന്‍റെ പകുതിയാണ് ഈടാക്കിയിരുന്നത്. പുതിയ പരിഷ്‌കരണത്തിനുശേഷം പകുതി നിരക്കില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് പ്രത്യേകം സീറ്റ് അനുവദിക്കുന്നില്ല. ഒപ്പം യാത്രചെയ്യുന്ന ആള്‍ക്കൊപ്പം അതേ സീറ്റില്‍തന്നെ കുട്ടിയും ഇരിക്കേണ്ടതുണ്ട്. പ്രത്യേകം സീറ്റ് വേണ്ട കുട്ടികളില്‍ നിന്ന് മുതിര്‍ന്നവരുടെ അതേ നിരക്കുതന്നെയാണ് ഈടാക്കുന്നത്.
വിവരാവകാശത്തിനുള്ള മറുപടിയായി 2016-17 സാമ്പത്തിക വർഷം മുതൽ 2022-23 വരെ കുട്ടികള്‍ ട്രെയിന്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വര്‍ഷം തിരിച്ചുള്ള പട്ടികയാണ് CRIS പുറത്തുവിട്ടത്. ഈ ഏഴ് വർഷത്തിനിടെ 3.6 കോടി കുട്ടികൾ റിസർവ് ചെയ്ത സീറ്റോ കോച്ചോ തിരഞ്ഞെടുക്കാതെ പകുതി നിരക്കിൽ യാത്ര ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. മറുവശത്ത്, 10 കോടിയിലധികം കുട്ടികൾ പ്രത്യേക ബെർത്ത്/സീറ്റ് തെരഞ്ഞെടുക്കുകയും മുഴുവൻ യാത്രാക്കൂലി നൽകുകയും ചെയ്തു.
ചന്ദ്രശേഖര്‍ ഗൗര്‍ എന്നയാളാണ് റെയില്‍വേയ്ക്ക് ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷ നല്‍കിയത്. ടിക്കറ്റ് പരിഷ്കാരം നടപ്പാക്കിയതോടെ ഏഴ് വര്‍ഷത്തിനിടെ ട്രെയിന്‍ യാത്രചെയ്ത 70 % കുട്ടികളും പൂര്‍ണ ടിക്കറ്റ് നിരക്ക് നല്‍കി സീറ്റ് ബുക്ക് ചെയ്തെന്ന് ചന്ദ്ര ശേഖര്‍ ഗൗര്‍ ചൂണ്ടിക്കാട്ടി. ദീര്‍ഘദൂര യാത്രകളില്‍ മുതിര്‍ന്നയാള്‍ക്കൊപ്പം കുട്ടികളും ഒരേ സീറ്റില്‍ ഇരിക്കുന്നത് വളരെ പ്രയാസകരമാണ്. ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചതുവഴി റെയില്‍വേയ്ക്ക് വലിയ നേട്ടമാണുണ്ടായതെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.