ന്യൂഡൽഹി: ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചതിന് ശേഷമാണ് ട്രെയിൻ മുന്നോട്ട് നീങ്ങിയതെന്ന് അപകടത്തില്‍ പരിക്കേറ്റ കോറമണ്ഡല്‍ ലോക്കോപൈലറ്റ് പറഞ്ഞതായി റെയിൽവേ ബോർഡ്. ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് ഇടയാക്കിയ കാരണം സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് റെയിൽവേ ബോർഡിന്‍റെ പ്രതികരണം. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് സിഗ്‌നല്‍ നല്‍കിയതില്‍ ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഇപ്പോഴും റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.' - റെയിൽവേ ബോർഡ് ഓപറേഷൻ ആൻഡ് ബിസിനസ് ഡെവലപ്‌മെന്‍റ് അംഗം ജയ വർമ സിൻഹ വ്യക്തമാക്കി.
'ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിട്ടില്ല': 'കോറമണ്ഡല്‍ എക്‌സ്പ്രസാണ് അപകടത്തിൽ പെട്ടത്. ട്രെയിൻ മണിക്കൂറിൽ 128 കിലോമീറ്റർ വേഗതയിലായിരുന്നു. ഇരുമ്പയിര് കയറ്റി പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിട്ടില്ല. ഇരുമ്പയിര് കയറ്റിയ ചരക്ക് തീവണ്ടിയില്‍ ഇടിച്ചതുകൊണ്ടുകൂടിയാണ് കോറമണ്ഡല്‍ എക്‌സ്‌പ്രസിന് വന്‍ തോതില്‍ ആഘാതമേറ്റത്. ഇതാണ് മരണ സംഖ്യയും പരിക്കുകളും ഉയരാന്‍ കാരണം.' - ജയ വർമ സിൻഹ വിശദീകരിച്ചു.
ALSO READ | ഒഡിഷ ട്രെയിൻ അപകടം: ബാലസോറിൽ നിന്നുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി
'പാളം തെറ്റിയ കോറമണ്ഡല്‍ എക്‌സ്പ്രസിന്‍റെ ബോഗികൾ യശ്വന്ത്പൂർ ട്രെയിനിന്‍റെ അവസാന രണ്ട് ബോഗികളിൽ ഇടിക്കുകയായിരുന്നു. മണിക്കൂറിൽ 126 കിലോമീറ്റർ വേഗതയിലായിരുന്നു യശ്വന്ത്പൂർ എക്‌സ്പ്രസ് കടന്നുപോയത്. അപകടത്തെ തുടർന്ന് രക്ഷപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുമാണ് റെയിൽവേ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്.'
'അപകടത്തിന് ശേഷം റെയിൽവേ ആദ്യം ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷപ്രവർത്തനങ്ങളുമാണ് നടത്തിയത്. സംഭവം നടക്കുന്നതിന് മുന്‍പ് ലൂപ് ലൈനിൽ ഗുഡ്‌സ് ട്രെയിൻ ഉണ്ടായിരുന്നു. കോറമണ്ഡല്‍ ലോക്കോപൈലറ്റിന് ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചതോടെ ലൂപ് ലൈനിലൂടെ ട്രെയിന്‍ സഞ്ചരിക്കുകയായിരുന്നു. പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ കുടുംബാംഗങ്ങൾക്കായി ഉടന്‍ തന്നെ ഹെൽപ് ലൈൻ നമ്പർ ലഭ്യമാക്കിയിയിരുന്നു.'
'അവരുടെ ചെലവുകള്‍ ഞങ്ങൾ വഹിക്കും': 'ഞങ്ങളുടെ ഹെൽപ് ലൈൻ നമ്പറായ 139 ലഭ്യമാണ്. ഇതൊരു കോൾ സെന്‍റര്‍ നമ്പറല്ല. ഞങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥരാണ് കോളുകൾക്ക് മറുപടി നൽകുക. കഴിയുന്നത്ര ആളുകളുമായി സഹകരിക്കാന്‍ ഞങ്ങൾ ശ്രമിക്കാറുണ്ട്. പരിക്കേറ്റവരുടെയോ മരണപ്പെട്ടവരുടെയോ കുടുംബാംഗങ്ങൾക്ക് ഞങ്ങളെ വിളിക്കാം. ബന്ധുക്കള്‍ക്ക് അവരുടെ ആളുകളെ കാണാന്‍ എത്താം. അവരുടെ യാത്ര, മറ്റ് ചെലവുകള്‍ എന്നിവ ഞങ്ങൾ വഹിക്കും' - ജയ വർമ സിൻഹ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.