പട്‌ന: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യമൊട്ടാകെ വിവിധയിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം. ബിഹാറിലെ പട്‌ന റെയില്‍വേ സ്റ്റേഷനില്‍ ജന്‍ അധികാര്‍ പാര്‍ട്ടി (ലോക്‌തന്ത്രിക്) സമരത്തിന് നേതൃത്വം നല്‍കി. റെയില്‍വേ പാളത്തില്‍ കിടന്നും ലോക്കോമോട്ടീവ് എഞ്ചിനില്‍ കയറിയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ഹരിയാനയിലെ പല്‍വാളിലും റെയില്‍വേ ട്രാക്കുകളില്‍ തടസം സൃഷ്ടിച്ച് പ്രതിഷേധം അരങ്ങേറി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സമരം. യുണൈറ്റഡ് കിസാന്‍ ഫ്രണ്ടിന്‍റെ നേതൃത്വത്തില്‍ ജമ്മുവിലെ ചന്നി ഹിമാത്തില്‍ നടന്ന പ്രതിഷേധത്തിനിടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ മുദ്രാവാക്യം മുഴങ്ങി.
പഞ്ചാബിലെ ഫത്തേപൂര്‍ സാഹിബ് സ്റ്റേഷനിലെ ട്രാക്കുകളിലും കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഉച്ചക്ക് 12 മുതല്‍ വൈകിട്ട് നാല് മണി വരെയാണ് സമരം പ്രഖ്യാപിച്ചിരുന്നത്. പ്രതിഷേധം നേരിടാന്‍ 20 കമ്പനി റെയില്‍വേ സുരക്ഷാ സേനയേയും നിയോഗിച്ചിരുന്നു.