ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ വിമർശിച്ചതിന് രാഹുൽ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. കോൺഗ്രസ് നേതാവിന്‍റെ ഭാഷാ പ്രയോഗവും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും ഭയവും ഉളവാക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമവും ചേർത്തു വായിക്കുമ്പോൾ ടൂൾകിറ്റ് നിർമ്മിച്ചതിന് പിന്നിൽ അദ്ദേഹത്തിന്‍റെ പാർട്ടിയാണെന്നത് വ്യക്തമെന്നായിരുന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കറിന്‍റെ മറുപടി. ഈ വർഷം ഡിസംബറോടെ ഇന്ത്യയിൽ വാക്സിനേഷൻ ഡ്രൈവ് പൂർത്തിയാക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്‍റെ സമീപകാല പരാമർശങ്ങൾ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറോടെ 216 കോടി ഡോസുകൾ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും 108 കോടി ആളുകൾക്ക് എങ്ങനെ പ്രതിരോധ കുത്തിവയ്‌പ് നൽകുമെന്നതിനെക്കുറിച്ചും മന്ത്രാലയം ഒരു റോഡ് മാപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡിനെതിരെ പ്രതിരോധിക്കുന്ന ഈ സമയത്തും പ്രധാനമന്ത്രിക്ക് നേരെ 'നൗട്ടാങ്കി' പോലുള്ള വാക്കുകൾ ഗാന്ധി പ്രയോഗിക്കുന്നത് ടൂൾക്കിറ്റ് നാടകത്തിന്‍റെ ഭാഗമാണെന്ന് മന്ത്രി ആരോപിച്ചു. ടൂൾക്കിറ്റിന് പിന്നിൽ കോൺഗ്രസാണെന്നത് വ്യക്തമാണ്. പകരം ബിജെപിയെ കുറ്റപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രീഹുൽ ഗാന്ധിയുടെ ഇത്തരം പ്രയോഗങ്ങൾ രാജ്യത്തെയും ജനങ്ങളെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 20 കോടിയിലധികം ഡോസുകൾ നൽകിയ ഇന്ത്യ വാക്സിനേഷൻ ഡ്രൈവിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ്. ഓഗസ്റ്റോടു കൂടി ഇതിലും വലിയ കുതിച്ചുചാട്ടം കാണാൻ സാധിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി രാജ്യത്തെ വാക്സിനേഷൻ പദ്ധതിയുടെ വേഗത കുറവാണെന്ന രാഹുൽ ഗാന്ധിയുടെ വിമർശനം തള്ളി. വാക്‌സിൻ നിർമാതാക്കളിൽ നിന്ന് ക്വാട്ട ഉയർത്താൻ കഴിയാത്ത കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് ഗാന്ധി ആശങ്കപ്പെടണമെന്നായിരുന്നും അദ്ദേഹം ആക്ഷേപിച്ചു. നിലവിലെ കൊവിഡ് തരംഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകാനുള്ള പദ്ധതി ആവിഷ്കരിക്കാൻ രാഹുൽ ഗാന്ധി നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Also Read: കൊവിഡ് ടൂൾകിറ്റ് വിവാദം: കോൺഗ്രസ് നേതാക്കൾക്ക് ഡൽഹി പൊലീസിന്‍റെ നോട്ടീസ്