ന്യൂഡല്‍ഹി : ചേരിപ്പോരും രാഷ്ട്രീയ വടംവലികളും സജീവമായ കോണ്‍ഗ്രസിന്‍റെ ഗുജറാത്ത് ഘടകത്തെ സംയോജിപ്പിക്കാനായി രാഹുല്‍ ഗാന്ധി ഇടപെടുന്നു. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ ഒന്നിപ്പിക്കുന്നതിനായി രാഹുല്‍ പദ്ധതികള്‍ ആവിഷ്കരിച്ച് വരികയാണെന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ ഇടിവി ഭാരതിനോട് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ തന്നെ മാറ്റിനിർത്തുകയാണെന്ന് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ ആരോപിച്ചതിന് പിന്നാലെ സംസ്ഥാന ഘടകത്തിൽ ചേരിപ്പോര് മറനീക്കി പുറത്തുവന്നിരുന്നു.
പട്ടേല്‍ സമുദായത്തിന് വേണ്ടി സമരം നയിച്ച ഹാര്‍ദിക് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിനിടെ ഹാര്‍ദിക് തന്‍റെ പരാതി രാഹുല്‍ ഗാന്ധിയെ നേരിട്ട് അറിയിച്ചു. എന്നാല്‍ ഇതില്‍ നടപടി ഉണ്ടാകാത്തത് അദ്ദേഹത്തിന് നീരസം ഉണ്ടാകാന്‍ കാരണമായിട്ടുണ്ടെന്നും താക്കൂര്‍ പറഞ്ഞു. എന്നാല്‍ ഹാര്‍ദിക്കുമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: പട്ടീദാര്‍ ക്വോട്ട പ്രക്ഷോഭം ; ഹര്‍ദിക് പട്ടേലിനെതിരായ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹാര്‍ദിക്കിന് താത്പര്യമുള്ളതായും താക്കൂര്‍ പ്രതികരിച്ചു. സംസ്ഥാന ഘടകത്തിലെ സംഭവവികാസങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എഐസിസി ചുമതലയുള്ള രഘു ശർമയോട് രാഹുല്‍ റിപ്പോർട്ട് തേടിയിരുന്നു. മാത്രമല്ല സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തു.
പട്ടേല്‍ സമുദായത്തിന് ഏറെ വോട്ടുള്ള സംസ്ഥാനത്ത് സമുദായത്തെ ഏത് തരത്തിലും കൂടെ നിര്‍ത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതിനിടെ സംസ്ഥാനത്തെ വളര്‍ന്ന് വരുന്ന യുവ നേതാക്കാളെ ലക്ഷ്യമിട്ട് ബി.ജെ.പിയും കോണ്‍ഗ്രസും നീക്കം ആരംഭിച്ചു. സംസ്ഥാനത്ത് നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് എ.എ.പി.
ബി.ജെ.പി ഉള്‍പ്പടെ ഉള്ള പാര്‍ട്ടികള്‍ വിട്ടുവരുന്നവര്‍ക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം സംസ്ഥാനത്ത് എ.എ.പിയെ പരിഗണിക്കുന്നില്ലെന്നും കോണ്‍ഗ്രസും ബിജെപിയുമായാണ് പ്രധാന മത്സരമെന്നും കൂട്ടിച്ചേര്‍ത്തു.