ന്യൂഡല്‍ഹി: പെട്രോൾ- ഡീസല്‍ വിലവർദ്ധനവില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്‍റെ നികുതി കൊള്ളയാണ് വില വര്‍ദ്ധനവിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. പെട്രോള്‍- ഡീസല്‍ വില 35 പൈസ കൂടി വര്‍ധിച്ച സാഹചര്യത്തിലാണ് രാഹുലിന്‍റെ വിമര്‍ശനം.
രാജ്യത്തെ പെട്രോള്‍ -ഡീസല്‍ പമ്പുകളില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിവേചനമില്ലാതെ നികുതി പരിച്ച സര്‍ക്കാറിനെ ജനങ്ങള്‍ പുറത്താക്കിയ കഥകള്‍ നാം കേട്ടിട്ടുണ്ട്. നികുതിയില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ഏറെ അസന്തുഷ്ടരായിരുന്നു. ഇത് പിന്നീട് സര്‍ക്കാറിനെ തന്നെ താഴെയിറക്കാന്‍ കാരണമാകുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Also Read: ആര്യൻ ഖാൻ ജയിലിൽ തന്നെ; ജാമ്യക്ഷേയിൽ വിധി 20ന്
രാജ്യത്തെ പാചക വാതക വില വര്‍ദ്ധനവിനേയും രാഹുല്‍ വിമര്‍ശിക്കുന്നുണ്ട്. 23 ലക്ഷം കോടി രൂപയാണ് പാചക വാതക നികുതിവഴി സര്‍ക്കാര്‍ നേടുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഈ തുകയെല്ലാം എവിടെ പോകുന്നു എന്നും രാഹുല്‍ ചോദിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ അറിയിപ്പ് പ്രകാരം ഡൽഹിയിലെ പെട്രോൾ വില ഏറ്റവും ഉയർന്ന നിരക്കായ 104.79 രൂപയും മുംബൈയിൽ 110.75 രൂപയുമായി ഉയർന്നു. മുംബൈയിൽ ഡീസൽ ഇപ്പോൾ ഒരു ലിറ്ററിന് 101.40 രൂപയാണ്. ഡൽഹിയിൽ 93.52 രൂപയാണ് വില.