മുംബൈ: സവർക്കറിനെതിരായ പരാമർശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചുനില്‍ക്കുന്ന ശിവസേന നേതാവ് ഉദ്ദവ് താക്കറെയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയേക്കും. ഉദ്ദവിന്‍റെ ഔദ്യോഗിക വസതിയായ മുംബൈയിലെ മാതോശ്രീയില്‍ തിങ്കളാഴ്‌ച (ഏപ്രില്‍ 17) എത്തിയാവും രാഹുല്‍ സംസാരിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും രാഹുല്‍ സംസാരിച്ചേക്കും.
കേന്ദ്ര സര്‍ക്കാരിനെയും ആര്‍എസ്‌എസ് - ബിജെപി സംഘടനകളെയും വിമര്‍ശിക്കുന്ന ഘട്ടത്തില്‍ രാഹുല്‍ പലപ്പോഴും സവര്‍ക്കറിനെതിരെ തിരിഞ്ഞിരുന്നു. ഈ വിമര്‍ശനത്തില്‍ തീവ്രഹിന്ദുത്വ സംഘടനയായ ശിവസേന ഉദ്ദവ് വിഭാഗം അതൃപ്‌തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഉദ്ദവുമായുള്ള രാഹുലിന്‍റെ കൂടിക്കാഴ്‌ചയ്‌ക്ക് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സമയം തേടിയെന്നും വിവരമുണ്ട്. ഈ ചര്‍ച്ചയില്‍ പാര്‍ട്ടി മുന്‍ അധ്യക്ഷനായ രാഹുലിനൊപ്പം കെസി വേണുഗോപാലും പങ്കെടുത്തേക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരമാണ് യോഗം നടത്താനുള്ള നീക്കമെന്നാണ് സൂചന.
ALSO READ | രാഹുൽ ഗാന്ധി കോലാറിലെത്തും: ഏപ്രിൽ 16ന് നടക്കുന്ന പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
ഭാരത് ജോഡോ യാത്ര, ലണ്ടന്‍ സന്ദര്‍ശനം, എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത എന്നീ സന്ദര്‍ഭങ്ങളിലടക്കമാണ് രാഹുല്‍, തീവ്രഹിന്ദുത്വ വാദിയും ഹിന്ദുമഹാസഭ നേതാവുമായിരുന്ന വിഡി സവര്‍ക്കറെ ആക്രമിച്ചിരുന്നത്. താന്‍ മാപ്പുപറയാന്‍ സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നുമായിരുന്നു അവസാനമായി രാഹുല്‍ തീവ്രഹിന്ദുത്വ നേതാവിനെതിരെ നടത്തിയ പരാമര്‍ശം. സവർക്കർ വിഷയത്തില്‍ ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും അദാനി വിവാദം സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്ന വിഷയത്തില്‍ എന്‍സിപി നേതാവ് ശരദ് പവാറും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാഡിയിൽ (എംവിഎ) ഇത്തരത്തിലുള്ള വിയോജിപ്പുകള്‍ ശക്തമായിരിക്കെയാണ് കോണ്‍ഗ്രസ് നീക്കം.