ന്യൂഡൽഹി: അസം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് നേതൃത്വം കൊടുക്കാൻ രാഹുല്‍ ഗാന്ധിയെ കളത്തിലിറക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഫെബ്രുവരി 14ന് അസമിലെത്തുന്ന രാഹുല്‍ ഗാന്ധി, ശിവ സാഗറിൽ നിന്ന് സംസ്ഥാനത്തെ പ്രചാരണ പരിപാടികള്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ അസമിലെത്തുന്നത്. ഭരണകക്ഷിയായ ബിജെപിക്കെതിരെ അഞ്ച് പാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കോൺഗ്രസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എയുയുഡിഎഫ്), സിപിഐ, സിപിഎം, സിപിഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), അൻഛലിക് ഗണ മോർച്ച എന്നിവരുമായി സഖ്യമുണ്ടാക്കിയായിരിക്കും കോണ്‍ഗ്രസ് മത്സരിക്കുകയെന്ന് ജനുവരി 20 ന് ഗുവാഹത്തിയിൽ നടന്ന വാര്‍ത്താ സമ്മേളനത്തിൽ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ റിപ്പുൻ ബോറ പറഞ്ഞിരുന്നു. ബിജെപി വിരുദ്ധ സഖ്യത്തിലേക്ക് ആര്‍ക്കും കടന്നുവരാമെന്നും, മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും റിപ്പുൻ ബോറ വ്യക്തമാക്കിയിരുന്നു. 126 സീറ്റുകളുള്ള അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കും. തിയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.