ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക ക്രമക്കേട് കേസില്‍ രാഹുല്‍ ഗാന്ധിയെ വെള്ളിയാഴ്ച വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മൂന്നാം ദിവസം രാത്രി 9 മണിവരെയാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഇ.ഡി അന്വേഷണത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുകയാണ്.
പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, സച്ചിന്‍ പൈലറ്റ്, കേരളത്തില്‍ നിന്നുള്ള രാജ്യസഭ എം പി ജെബി മേത്തര്‍ എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
രാവിലെ 11.35ഓടെയാണ് ഇന്ന് രാഹുല്‍ ഇ.ഡി.ഓഫിസില്‍ ഹാജരായത്. തിങ്കളാഴ്ച രാവിലെ 11.10 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും ഭക്ഷണത്തിനുശേഷം വൈകിട്ട് 4.15 മുതലുമാണ് രാഹുലിനെ ഡല്‍ഹിയിലെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്തത്. രാത്രി 11.20ന് രാഹുല്‍ പുറത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഡല്‍ഹിയിലെ ഇഡി ഓഫിസിലെത്തിയ രാഹുലില്‍ നിന്ന് രാത്രി 11.45വരെ മൊഴിയെടുത്തു. മൂന്ന് ദിവസങ്ങളിലായി ഇതുവരെ 30 മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്. വ്യാഴാഴ്ച ഇളവ് വേണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടെന്നും അത് അനുവദിച്ച് കൊടുത്തു എന്നുമാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്.
Also Read: നാഷണല്‍ ഹെറാള്‍ഡ് കേസ് : രാഹുൽ ഗാന്ധി മൂന്നാം ദിനം ഇ.ഡിക്ക് മുന്നില്‍, ഡൽഹിയിൽ കനത്ത പ്രതിഷേധം