ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ വാക്‌സിനേഷൻ പോളിസിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിലവിലെ കൊവിഡ് വാക്‌സിനേഷൻ നിരക്കും മൂന്നാം തരംഗത്തെ ഒഴിവാക്കാനായി വാക്‌സിനേഷൻ എടുക്കേണ്ട യഥാർഥ നിരക്കും സംബന്ധിക്കുന്ന ഗ്രാഫ് പങ്കുവച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. 'മൈൻഡ് ദ ഗ്യാപ്പ്' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഗ്രാഫ് ട്വിറ്ററിൽ വാക്‌സിനേഷന്‍റെ ഗ്രാഫ് പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പ്രതികരണവും മറുപടിയും
നിലവിലെ കൊവിഡ് വാക്‌സിനേഷൻ നിരക്ക് കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാനായി വാക്‌സിനേഷന് വിധേയമാകേണ്ടവരേക്കാൾ 27 ശതമാനം കുറവാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. ജൂലൈയിലെ വാക്‌സിൻ ലഭ്യതയെക്കുറിച്ചുള്ള ശരിയായ വസ്‌തുത കേന്ദ്രം ജനങ്ങളെ അറിയിക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ രംഗത്തെത്തിയിരുന്നു.
'ജൂലൈയിലെ വാക്‌സിൻ വിതരണത്തെക്കുറിച്ച് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രശ്‌നമെന്താണ്? അഹങ്കാരത്തിനും അജ്ഞതയ്‌ക്കുമുള്ള വൈറസിന് വാക്‌സിൻ ഇല്ല. നേതൃമാറ്റത്തെക്കുറിച്ച് ഇനിയെങ്കിലും കോൺഗ്രസ് ആലോചിക്കണം' എന്നായിരുന്നു ഹർഷ വർധന്‍റെ മറുപടി.
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ഏപ്രിൽ-മെയ് മാസങ്ങളിലാണ് റിപ്പോർട്ട് ചെയ്‌തത്. രോഗം ബാധിച്ചും ഓക്‌സിജൻ ലഭിക്കാതെയും നിരവധി പേരാണ് രാജ്യത്തുടനീളം മരിച്ചത്. നിലവിൽ രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വളരെ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്.
READ MORE: 'ജൂലൈ എത്തി, വാക്‌സിൻ എവിടെ?' കേന്ദ്രത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുൽ