ന്യൂഡല്‍ഹി: സൈനികരോ യുവാക്കളോ ആഗ്രഹിക്കാത്ത അഗ്‌നിവീര്‍ പദ്ധതിയുടെ പ്രഭവകേന്ദ്രം ആര്‍എസ്‌എസോ കേന്ദ്ര ആഭ്യന്തരമന്ത്രാലയമോ ആയിരിക്കാമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍. സൈന്യത്തില്‍ ജോലി ലഭിക്കാനായി രാവിലെ നാല് മണിക്ക് ഉണര്‍ന്ന് വ്യായാമം ചെയ്യുന്ന യുവാക്കള്‍ അഗ്‌നിവീര്‍ പദ്ധതിയില്‍ സന്തുഷ്‌ടരല്ല എന്നാണ് 3,500 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭാരത്‌ജോഡോ യാത്രയില്‍ നിന്ന് തനിക്ക് മനസിലായത്. നേരത്തെ 15 വര്‍ഷത്തെ സേവനത്തിന് ശേഷം പെന്‍ഷന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ അഗ്‌നിവീറില്‍ നാല് വര്‍ഷത്തിന് ശേഷം തങ്ങളെ സൈന്യത്തില്‍ നിന്ന് വലിച്ചെറിയുകയാണ് ചെയ്യുക എന്നാണ് യുവാക്കള്‍ തന്നോട് പറഞ്ഞത്.
സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ തന്നോട് പറഞ്ഞത് സൈന്യത്തിന്‍റെ ആശയമായിരുന്നില്ല അഗ്‌നിവീര്‍ എന്നാണ്. രാജ്യത്തെ യുവാക്കള്‍ അഗ്‌നിവീര്‍ ആഗ്രഹിക്കുന്നില്ല, സൈനികര്‍ അഗ്‌നിവീര്‍ ആഗ്രഹിക്കുന്നില്ല. പിന്നെ എവിടെ നിന്നാണ് അഗ്‌നിവീര്‍ എന്ന ആശയം വന്നത്.
ഒരു പക്ഷെ ഈ ആശയം വന്നത് ആര്‍എസ്എസില്‍ നിന്നോ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നോ ആയിരിക്കാം. ബിജെപി അംഗങ്ങളുടെ ബഹളത്തിനിടെ രാഹുല്‍ ഗാന്ധി ആരോപിച്ചു. അഗ്‌നിവീര്‍ സൈന്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.
ഒരു പക്ഷെ അജിത് ദോവലായിരിക്കാം ഇത് സൈന്യത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്‌ടാവിന്‍റെ പേര് പരാമര്‍ശിച്ചതില്‍ ഭരണപക്ഷ അംഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉണ്ടായി. എന്നാല്‍ രാഹുല്‍ ഗാന്ധി തന്‍റെ ആരോപണത്തില്‍ ഉറച്ചുനിന്നു. അജിത് ദോവലിന്‍റെ പേര് സഭയില്‍ പരാമര്‍ശിക്കാന്‍ പാടില്ലേ എന്ന് രാഹുല്‍ ഗാന്ധി തിരിച്ച് ചോദിച്ചു.
നയപ്രഖ്യാപന പ്രസംഗത്തെ കളിയാക്കി രാഹുല്‍: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒരു തവണ മാത്രമെ അഗ്‌നിവീര്‍ പദ്ധതി പരാമര്‍ശിച്ചുള്ളൂ എന്നും രാഹുല്‍ പറഞ്ഞു. ഇത്രയും വലിയ പദ്ധതി ആയതുകൊണ്ടായിരിക്കാം അഗ്‌നിവീര്‍ ഒരു തവണ മാത്രം നയപ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചത് എന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
രാജ്യത്തുടനീളം ഭാരത് ജോഡോയാത്രയുടെ ഭാഗമായി താന്‍ സഞ്ചരിച്ചപ്പോള്‍ തൊഴിലില്ലായ്‌മയെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും ജനങ്ങള്‍ സംസാരിക്കുന്നതാണ് താന്‍ കേട്ടത്. എന്നാല്‍ ഇവ രണ്ടിനെ കുറിച്ചും ഒരു പരാമര്‍ശവും നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ല. നാട്ടിലെ ജനങ്ങള്‍ പറയുന്നത് ഒരു കാര്യം നയപ്രഖ്യപന പ്രസംഗത്തില്‍ പറയുന്നത് വേറൊരു കാര്യം എന്നും രാഹുല്‍ പരിഹസിച്ചു.
എന്താണ് അഗ്‌നിവീര്‍: അഗ്‌നിവീര്‍ പദ്ധതിക്കെതിരെ വലിയ പ്രതിഷേധം രാജ്യത്തുണ്ടായിരുന്നു. ഓഫിസര്‍ പോസ്‌റ്റിന് താഴെയുള്ള സൈനികരെ റിക്ര്യൂട്ട് ചെയ്യാനുള്ള പദ്ധതിയാണ് അഗ്‌നിവീര്‍. അഗ്‌നിവീര്‍ പദ്ധതിയിലൂടെ സൈന്യത്തില്‍ ചേരുന്നവരെ അഗ്‌നിവീറുകള്‍ എന്ന് വിളിക്കുന്നു.
അഗ്‌നിവീറുകള്‍ നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒരു വിലയിരുത്തല്‍ നടത്തുകയും 25 ശതമാനം ആളുകളെ മാത്രം നിലനിര്‍ത്തുകയും 75 ശതമാനം ആളുകള്‍ വിരമിക്കുകയും ചെയ്യുന്നു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സൈന്യത്തിലെ അമ്പത് ശതമാനവും അഗ്‌നിവീറുകള്‍ ആയിരിക്കും എന്നാണ് കണക്കാക്കുന്നത്. അഗ്‌നിവീറുകള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ഉണ്ടായിരിക്കില്ല. പെന്‍ഷന്‍ ഇനത്തിലെ ചെലവ് ലാഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി കൊണ്ടുവന്നത് എന്നാണ് വിമര്‍ശനം.