ന്യൂഡല്‍ഹി: നിലവിൽ രാജ്യത്തിന് മുന്നിലുള്ള പ്രധാന വിഷയം തൊഴിലില്ലായ്‌മയാണെന്നും വിവാദമായ അഗ്നിപഥ് പദ്ധതി പിൻവലിക്കാൻ യുവാക്കൾക്കൊപ്പം ചേര്‍ന്ന് കോൺഗ്രസ് പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി. ഇ.ഡി പ്രശ്‌നം ഒരു ചെറിയ കാര്യമാണെന്നും, ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം തൊഴിലില്ലായ്‌മയാണെന്നും, ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ചെറുകിട, ഇടത്തരം വ്യവസായങ്ങളെ മോദി സർക്കാർ തകർത്തുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസ് ആസ്ഥാനത്ത് നടന്ന നേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.ഡി ചോദ്യം ചെയ്‌തത് വളരെ ചെറിയൊരു മുറിയില്‍ വച്ചാണെന്നും, മണിക്കൂറുകളോളം കസേരയിലിരുന്ന തന്നോട് താങ്കള്‍ക്ക് ഇത്ര ക്ഷമ എവിടെ നിന്നാണ് കിട്ടിയതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ക്ഷമ പഠിപ്പിക്കുന്നുവെന്നും എന്നാല്‍ ബിജെപിയില്‍ ക്ഷമ ആവശ്യമില്ലെന്നും നേതാക്കളുടെ മുന്നില്‍ തല കുനിക്കാനുള്ള കഴിവാണ് ബിജെപിയില്‍ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളം പറഞ്ഞാല്‍ രാജ്യത്തെ യുവാക്കള്‍ക്ക് ജോലി ലഭിക്കുമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
മോദി സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി തിരിച്ചെടുക്കേണ്ടി വരുമെന്നും പ്രതിഷേധത്തിന് എല്ലാ പിന്തുണയും നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സായുധ സേനയിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ജോലി നൽകാൻ സര്‍ക്കാരിന് കഴിയില്ല. പ്രധാനമന്ത്രി രാജ്യത്തെ തോൽപിച്ചു.
യുവാക്കൾക്ക് സായുധ സേനയിൽ ചേരാനുള്ള അവസാന വഴിയും കേന്ദ്ര സര്‍ക്കാര്‍ അടച്ചു. നമ്മുടെ സൈന്യത്തെ ശക്തിപ്പെടുത്തേണ്ട സമയമാണിത്. പക്ഷേ സർക്കാർ അതിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്, രാഹുല്‍ ഗാന്ധി കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചു.
അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ ജൂൺ 27ന് രാജ്യവ്യാപകമായി എല്ലാ നിയമസഭ മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.
Also Read 'ഒറ്റ രാത്രികൊണ്ടെടുത്ത തീരുമാനമല്ല' ; അഗ്നിപഥ് പദ്ധതി പിൻവലിക്കില്ലെന്ന് അജിത് ഡോവൽ