ന്യൂഡൽഹി: ലോക്‌സഭയില്‍ അദാനി വിഷയം ഉന്നയിച്ച് ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സർക്കാരിന് കീഴിൽ അദാനിയുടെ സമ്പത്ത് കുതിച്ചുയരുകയാണ്. 2014ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് വ്യവസായത്തിലും വ്യക്തിപരമായ സമ്പത്തിലും അദാനിക്ക് വളര്‍ച്ചയുണ്ടായതെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.
ഭാരത് ജോഡോ യാത്ര വിജയകരമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ തന്‍റെ പ്രസംഗത്തിന് തുടക്കം കുറിച്ചത്. താന്‍ നടത്തിയ ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാജ്യത്ത് നിന്നും കൂടുതല്‍ കേട്ടത് അദാനി എന്ന പേരാണ്. എല്ലാ സംസ്ഥാനങ്ങളിലും ആ പേര് കേള്‍ക്കുകയുണ്ടായി. അദാനി എങ്ങനെയാണ് ഇത്രയും വിജയിച്ചതെന്നാണ്, യാത്ര ചെയ്‌ത സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് അറിയേണ്ടത്. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്നോ?. അത് മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ തുടങ്ങിയതാണ്.
അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ഗുജറാത്തിന്‍റെ വികസനത്തിന് കളമൊരുക്കിയത് അദ്ദേഹമാണ്. അതുവഴി വ്യവസായ വളര്‍ച്ച നേടുകയുണ്ടായി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കിയെന്നും രാഹുല്‍ വിമര്‍ശിച്ചു. അദാനിയും മോദിയും ഒരുമിച്ച് വിമാനത്തില്‍ യാത്ര ചെയ്യുന്ന പടം അടക്കം സഭയില്‍ ഉയര്‍ത്തിക്കാട്ടിയാണ് രാഹുലിന്‍റെ ആക്രമണം. അതേസമയം, രാഹുല്‍ കാടടച്ചു വെടിവയ്‌ക്കരുതെന്ന് നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവ് നിരത്താന്‍ അദ്ദേഹം തയ്യാറാവണമെന്നും റിജിജു പറഞ്ഞു.