ന്യൂഡല്‍ഹി: 2024 ല്‍ നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പോരാടണമെന്ന അടിസ്ഥാനപരമായ ആശയത്തെ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്‌ക്കുന്നുണ്ടെന്നറിയിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എംപി. പ്രതിപക്ഷ പാർട്ടികൾ തമ്മില്‍ ഈ വിഷയത്തില്‍ പരസ്‌പരം ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഭരണപക്ഷമായ ബിജെപിയെക്കാള്‍ വലിയ ശക്തിയാണ് ഇന്ത്യയിലെ പ്രതിപക്ഷമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്‌റ്റ്‌സ് അസോസിയേഷനുമായി നടന്ന സംവാദത്തിനിടെയുണ്ടായ ചോദ്യങ്ങള്‍ക്കായിരുന്നു രാഹുലിന്‍റെ പ്രതികരണം.
പ്രതിപക്ഷം ഒറ്റക്കെട്ട്: പ്രതിപക്ഷ പാർട്ടികളുമായി വളരെയധികം ഏകോപനം നടക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളുമായി ചർച്ചകളും നടക്കുന്നുണ്ട്. അവരില്‍ പലരെയും തനിക്ക് അറിയാമെന്നും ആർഎസ്എസിനെയും ബിജെപിയേയും ചെറുത്ത് തോൽപ്പിക്കണം എന്ന അടിസ്ഥാന ചിന്ത പ്രതിപക്ഷ പാർട്ടികളുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ചർച്ചകള്‍ക്കാവശ്യമായ ചില തന്ത്രപരമായ പ്രശ്‌നങ്ങളുണ്ട്. ചില സംസ്ഥാനങ്ങൾ അവ വളരെ ലളിതമാണ്, മറ്റ് സംസ്ഥാനങ്ങൾ കൂടുതൽ സങ്കീർണമാണ്. എന്നാല്‍ ഈ വ്യത്യാസങ്ങൾ പരിഹരിക്കാൻ പ്രതിപക്ഷത്തിന് വളരെയധികം കെല്‍പ്പുണ്ടെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മനസ് തുറന്നു.
നിങ്ങള്‍ക്ക് മുന്നില്‍ വ്യത്യസ്‌തമായി പ്രവർത്തിക്കുന്ന ഓരോ സംസ്ഥാനങ്ങളുണ്ട്. എന്നാല്‍ ഒരു ചിന്തയ്‌ക്ക് ചുറ്റും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞാൽ, ഞങ്ങള്‍ക്ക് ബിജെപിയെ പരാജയപ്പെടുത്താനാവുമെന്നും രാഹുല്‍ വ്യക്തമാക്കി. മാത്രമല്ല അടുത്തിടെ നടത്തിയ ഭാരത് ജോഡോ യാത്രയിലൂടെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിൽ കോണ്‍ഗ്രസ് അവരുടെ പങ്കുവഹിക്കാന്‍ തയ്യാറാണെന്ന് ബോധ്യപ്പെടുത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
മായുന്നില്ല 'ഭാരത് ജോഡോ': യാത്ര എന്നത് ഒരു ആശയമാണ്. ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് സ്വീകാര്യമായ അടിസ്ഥാന രൂപകല്‍പനയാണത്. ആ അടിസ്ഥാന രൂപകൽപന എന്താണെന്നുവച്ചാല്‍, അത് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുക, സാമൂഹ്യനീതിയെ കുറിച്ച് സംസാരിക്കുക, ജനങ്ങളെ കേള്‍ക്കുക എന്നിവയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്‌മ, സമ്പദ്‌വ്യവസ്ഥയില്‍ ഫലമില്ലാതെ പോയ നോട്ട് നിരോധനം, ജിഎസ്‌ടി എന്നിവ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ തകര്‍ച്ച, വൻതോതിലുള്ള സമ്പത്ത് ചുരുക്കം ചിലരുടെ കൈകളിൽ കുമിഞ്ഞുകൂടല്‍ തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ഉന്നയിച്ചാകും പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
അവര്‍ ഇന്ത്യയെ മാറ്റി: ഭാരത് ജോഡോ യാത്രയ്ക്കിടെ തന്നോട് സംസാരിച്ച സാധാരണക്കാരില്‍ നിന്ന് വ്യക്തമായത് ഭരണകക്ഷിയായ ബിജെപിക്കെതിരെ കടുത്ത അമർഷമുണ്ടെന്നാണ്. ബിജെപിക്കെതിരെ രോഷത്തിന്‍റെ അടിയൊഴുക്കുമുണ്ട്. ഇത് ദേശീയ മാധ്യമങ്ങളില്‍ പരക്കുന്ന വിവരണങ്ങള്‍ക്ക് എതിരാണെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ പ്രതിപക്ഷം ബിജെപിക്കെതിരെ ഇനി ഒറ്റയ്ക്ക് പോരാടുന്നില്ലെന്നും ആർഎസ്എസും ബിജെപിയും ഇന്ത്യയിലെ ഏതാണ്ട് എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്തതിനാല്‍ തന്നെ സമനില മത്സരം എന്ന ആശയം നിലനില്‍ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുണൈറ്റഡ് കിങ്‌ഡത്തില്‍ (യു.കെ) രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ തെരഞ്ഞെടുപ്പില്‍ പോരാടുമ്പോള്‍ സ്ഥാപനങ്ങളെല്ലാം തന്നെ നിഷ്‌പക്ഷമായിരിക്കുമെന്നും, എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.