ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ മാതാപിതാക്കളെ സന്ദർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. "ഞാൻ പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ചു. അവർക്ക് നീതി മാത്രമാണ് വേണ്ടത്. അതിനുവേണ്ടി അവരെ സഹായിക്കും. ഞാൻ അവരോടൊപ്പമാണ്" രാഹുൽ ഗാന്ധി പറഞ്ഞു.
Read More: ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി
കാറിൽ ഇരുന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി രാഹുൽ ഗാന്ധി സംസാരിച്ചത്. ഇതിന്‍റെ ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വിഷയത്തിൽ പ്രതികരണവുമായി എത്തി.
പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ കന്‍റോണ്‍മെന്‍റ് മേഖലയില്‍ ഓഗസ്റ്റ് ഒന്നിനാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
മാതാപിതാക്കളുടെ സമ്മതമില്ലാതെ പെണ്‍കുട്ടിയുടെ സംസ്‌കാരം നടന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളം കുടിയ്ക്കാന്‍ പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. തിരച്ചിലില്‍ ഓള്‍ഡ് നംഗല്‍ ശ്‌മശാനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വാട്ടര്‍ കൂളറില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പെണ്‍കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് ശ്‌മശാനത്തിലെ പുരോഹിതന്‍ മാതാപിതാക്കളോട് പറഞ്ഞത്.