ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യലിന് ശേഷം എൻഫോഴ്സ്മെൻറ് ഡയറക്‌ടറേറ്റ് വിട്ടയച്ചു. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ(21.06.2022) അർധരാത്രിയാണ് വിട്ടയച്ചത്. ചൊവ്വാഴ്‌ച (21.06.2022) രാവിലെ 11.15ഓടെ സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പമാണ് ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്ത് എത്തിയത്.
2022 ജൂണ്‍ 13നാണ് ഇഡിക്ക് മുമ്പില്‍ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് ആദ്യമായി ഹാജരായത്. ജൂൺ 13 മുതൽ 15 വരെ തുടർച്ചയായി 27 മണിക്കൂറിലധികം ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് അസുഖബാധിതയായ അമ്മ സോണിയ ഗാന്ധിക്കൊപ്പം കഴിയാൻ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇഡി അന്വേഷണ ഉദ്യോഗസ്ഥന് കത്തയച്ചു.
ഇതേ തുടര്‍ന്ന് ജൂൺ 17 മുതൽ ജൂൺ 20 വരെ ചോദ്യം ചെയ്യലില്‍ നിന്ന് രാഹുൽ ഗാന്ധിയെ ഒഴിവാക്കി. തിങ്കളാഴ്‌ചയും(20.06.2022) 14 മണിക്കൂറോളം അദ്ദേഹത്തെ ഇഡി ചോദ്യം ചെയ്‌തിരുന്നു. അഞ്ചുദിവസങ്ങളിലായി 40ലേറെ മണിക്കൂറാണ് ചോദ്യം ചെയ്തത്. ഈയാഴ്ച ഇനി ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കില്ലെന്നാണ് സൂചന.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥാവകാശമുള്ള അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്‍റെ ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏപ്രിലില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാർജുന്‍ ഖാര്‍ഗെയേയും പവന്‍ കുമാര്‍ ബന്‍സാലിനെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. ജൂൺ 23 ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ സോണിയ ഗാന്ധിക്കും ഇഡി സമൻസ് അയച്ചിട്ടുണ്ട്. അതിനിടയിൽ രാഹുല്‍ ഗാന്ധിയെ ഇഡി വേട്ടയാടുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം ശക്തിമാണ്.