ന്യൂഡല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ അവസാനിച്ചുകാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നില്ലെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി. 152 പേരുടെ ജീവനപഹരിച്ച മണിപ്പൂരിലെ അക്രമസംഭവങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ അലംഭാവത്തെ കുറിച്ച് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ ആഞ്ഞടിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഇന്ന് വാര്‍ത്താസമ്മേളനത്തിലും നരേന്ദ്രമോദിക്കെതിരെ സ്വരം കടുപ്പിച്ചത്.
മണിപ്പൂര്‍ എവിടെ: സഭയില്‍ രണ്ട് മണിക്കൂറും 13 മിനിറ്റുമാണ് അദ്ദേഹം കഴിഞ്ഞദിവസം സംസാരിച്ചത്. എന്നാല്‍ മണിപ്പൂരിനെക്കുറിച്ച് പറഞ്ഞത് രണ്ട് മിനിറ്റ് മാത്രമാണ്. മോദി പാര്‍ലമെന്‍റില്‍ നാണമില്ലാതെയിരുന്ന് ചിരിക്കുകയാണെന്നും മണിപ്പൂരിലെ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മണിപ്പൂരില്‍ മാസങ്ങളായി കലാപം നടക്കുകയാണ്. അതുകൊണ്ടുതന്നെ മണിപ്പൂര്‍ ഇന്ന് ഒരു സംസ്ഥാനമല്ല, പകരം രണ്ടാണ്. ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച് മണിപ്പൂരിലേത് രണ്ട് ദിവസത്തില്‍ അവസാനിപ്പിക്കാവുന്ന പ്രശ്‌നമാണെങ്കിലും മണിപ്പൂരിനെ പ്രധാനമന്ത്രി കത്താന്‍ അനുവദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരായിരിക്കണം പ്രധാനമന്ത്രി: ഒരു പ്രധാനമന്ത്രി പ്രധാനമന്ത്രിയായി മാറുമ്പോള്‍ അദ്ദേഹം രാഷ്‌ട്രീയക്കാരനാവുന്നത് അവസാനിപ്പിക്കും. അദ്ദേഹം രാജ്യത്തിനെ പ്രതിനിധീകരിക്കുന്ന ശബ്‌ദമായി മാറും. രാഷ്‌ട്രീയം മാറ്റിവച്ച് അദ്ദേഹം തന്‍റെ പിന്നില്‍ അണിനിരക്കുന്ന ഇന്ത്യന്‍ ജനതയ്‌ക്കായി സംസാരിക്കും. എന്നാല്‍ പ്രധാനമന്ത്രിക്ക് പോലും താന്‍ ആരാണെന്ന് വ്യക്തമായി അറിയില്ലെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചു.
അടിക്ക് തിരിച്ചടി: ഇന്നലത്തെ വിഷയം താനോ കോണ്‍ഗ്രസോ ആയിരുന്നില്ലെന്നും മണിപ്പൂര്‍ ആയിരുന്നുവെന്നും പ്രധാനമന്ത്രിയുടെ കഴിഞ്ഞദിവസത്തെ പരിഹാസത്തിനും രാഹുല്‍ തിരിച്ചടിച്ചു. പ്രധാനമന്ത്രി പ്രസംഗത്തിലുടനീളം രാജ്യത്തെ പരിഹസിക്കുകയായിരുന്നു. നരേന്ദ്രമോദിയെ അങ്ങനെ കാണുന്നതില്‍ ഏറെ ദുഃഖമുണ്ട്. കാരണം അദ്ദേഹം എന്‍റെ കൂടി പ്രതിനിധിയാണ്. അദ്ദേഹത്തിന്‍റെ പ്രസംഗം ഇന്ത്യയ്‌ക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്നും പകരം നരേന്ദ്രമോദിയെക്കുറിച്ചായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മോദി: മറ്റുള്ളവരുടെ ആശയങ്ങള്‍ മോഷ്‌ടിക്കുകയും കുടുംബത്തിന്‍റേതാക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാപിച്ചത് ബ്രിട്ടീഷുകാരനാണെന്നും അതുകൊണ്ട് അവര്‍ക്ക് ഒറിജിനാലിറ്റി ഇല്ലെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. അവിടെയുള്ളതെല്ലാം ഒരു കുടുംബത്തിന്‍റേതാണെന്നും അതുകൊണ്ടുതന്നെ ഇത് ഇന്ത്യ സഖ്യമല്ല മറിച്ച് ഗമണ്ഡിയ സഖ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവിടെയുള്ള എല്ലാവര്‍ക്കും പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം കേരളത്തിലെ വയനാട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ ഒരു കോണ്‍ഗ്രസ് എംപിയുടെ ഓഫിസ് തകര്‍ത്തത് കോണ്‍ഗ്രസ് ഓര്‍ക്കുന്നുണ്ടോയെന്നും 1991 ല്‍ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം എങ്ങനെയാണ് അധീര്‍ രഞ്ജന്‍ ചൗധരിയെ നേരിട്ടതെന്നത് മറന്നുപോയോ എന്നും അദ്ദേഹം പ്രതിപക്ഷത്തിനെതിരെ ചോദ്യമെറിയുകയും ചെയ്‌തിരുന്നു. ജനങ്ങള്‍ക്ക് വികസനമാണ് വേണ്ടതെന്നും പക്ഷേ കോണ്‍ഗ്രസിലുള്ളത് കുടുംബവാഴ്‌ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കുടുംബവാഴ്‌ചയെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കളെയെല്ലാം അവര്‍ ചേര്‍ന്ന് തോല്‍പ്പിച്ചുവെന്നും അംബേദ്‌കര്‍, ജഗ്‌ജീവന്‍ റാം, മൊറാര്‍ജി ദേശായി, ചന്ദ്രശേഖര്‍ എന്നിങ്ങനെ ആ പട്ടിക നീളുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അവരുടെ ഛായാചിത്രം പോലും പാര്‍ലമെന്‍റില്‍ അനുവദിച്ചിരുന്നില്ലെന്നും കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ വന്നപ്പോഴാണ് അവരുടെയൊക്കെ ചിത്രങ്ങള്‍ പാര്‍ലമെന്‍റില്‍ വച്ചതെന്നും പ്രധാനമന്ത്രി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.