സൂറത്ത് (ഗുജറാത്ത്): മോദി പരാമര്‍ശത്തിലെ മാനനഷ്‌ടക്കേസില്‍ ജാമ്യം നീട്ടിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'മിത്രകാലത്തിനെ'തിരെ ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഈ പോരാട്ടത്തില്‍ സത്യമാണ് തന്‍റെ ആയുധമെന്നുമായിരുന്നു രാഹുലിന്‍റെ പ്രതികരണം. മുതലാളിത്ത ചങ്ങാതിമാര്‍ക്ക് നേട്ടമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്‍റെ 'മിത്രകാല' പരാമര്‍ശം.
പോരാട്ടവീര്യമുള്ള 'ട്വീറ്റ്': "ജനാധിപത്യത്തെ രക്ഷിക്കാൻ മിത്രകാലത്തിനെതിരെയുള്ള പോരാട്ടമാണിത്. ഈ പോരാട്ടത്തില്‍ സത്യമാണ് എന്‍റെ ആയുധം, സത്യമാണ് എന്‍റെ ആശ്രയം" എന്ന് രാഹുല്‍ ഗാന്ധി തന്‍റെ ട്വിറ്ററിലൂടെയാണ് കുറിച്ചത്. രാഹുലിന്‍റെ ട്വീറ്റ് എത്തി അല്‍പസമയം കഴിയുമ്പോഴേക്കും പിന്തുണയര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി വാദ്രയും രംഗത്തെത്തി.
ധീരന് ശ്രദ്ധ വ്യതിചലിക്കില്ല, ഒരു നിമിഷം പോലും ക്ഷമ നഷ്‌ടപ്പെടില്ല, പ്രതിബന്ധങ്ങളെ ആശ്ലേഷിച്ചുകൊണ്ട് വിഷമതകളിലൂടെ അവന്‍ ഒരു പാത സൃഷ്‌ടിക്കുന്നു എന്നറിയിച്ച് രാഹുലിന് ആശ്വാസവാക്കുകള്‍ ചൊരിഞ്ഞായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
രാഹുലിന് ജാമ്യം നീട്ടി നല്‍കി: മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തിയെന്ന കേസില്‍ രണ്ടുമാസത്തെ തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതിയുടെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി ഇന്ന് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ രാഹുലിന്‍റെ ജാമ്യം നീട്ടിയിരുന്നു. എന്നാല്‍ ഏപ്രില്‍ 13 ന് കോടതി കേസ് പരിഗണിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം കേസില്‍ അപ്പീല്‍ സമര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്‍റെ വരവ് ആഘോഷമാക്കാനൊരുങ്ങുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ഇതിന്‍റെ ഭാഗമായി തങ്ങളുടെ നേതാവ് ദേശീയതലത്തിൽ ബിജെപിക്കെതിരെ പോരാടുകയാണെന്നും കേന്ദ്രത്തെ എതിര്‍ത്തതിന്‍റെ പേരിലാണ് അദ്ദേഹത്തെ ലക്ഷ്യമിടുന്നതെന്നും ഗുജറാത്ത് നിയമസഭ കക്ഷി നേതാവ് അമിത് ചാവ്‌ദ പ്രതികരിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് പിന്തുണയറിയിക്കുന്നതിനായി സൂറത്തിലെത്താന്‍ എല്ലാ നേതാക്കളോടും പ്രവര്‍ത്തകരോടും അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിരുന്നു. ഈ കേസ് രാഷ്‌ട്രീയ പകപോക്കലിന്‍റെ ഫലമാണെന്നും തങ്ങള്‍ എല്ലാവരും രാഹുല്‍ജിക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിനിടയിലെ പ്രസ്‌താവനയിലായിരുന്നു രാഹുലിനെതിരെയുള്ള മാനനഷ്‌ടക്കേസ്. തന്‍റെ പ്രസംഗത്തിനിടെ രാജ്യംവിട്ട നീരവ് മോദിയെയും ലളിത് മോദിയെയും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു. മാത്രമല്ല കള്ളന്മാർക്കെല്ലാം തന്നെ മോദി എന്നൊരു പേരുണ്ടായത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
എന്നാല്‍ രാഹുലിന്‍റെ ഈ പരാമര്‍ശത്തിനെതിരെ സൂറത്ത് മുന്‍ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന പൂർണേഷ് മോദി മാനനഷ്‌ടക്കേസുമായി കോടതിയിലേക്ക് നീങ്ങുകയായിരുന്നു. തന്‍റെ പ്രസംഗത്തിലെ പരാമര്‍ശത്തിലൂടെ രാഹുല്‍ ഗാന്ധി, മോദ് അല്ലെങ്കില്‍ മോദി സമുദായത്തെ മുഴുവനായും അപകീര്‍ത്തിപെടുത്തി എന്നതായിരുന്നു ഇദ്ദേഹത്തിന്‍റെ പരാതി.
Also Read: 'മോദി' അപകീര്‍ത്തി കേസില്‍ രാഹുലിന്‍റെ ജാമ്യം നീട്ടി ; ഏപ്രിൽ 13ന് കോടതി വാദം കേള്‍ക്കും