ന്യൂഡല്‍ഹി : വിലക്കയറ്റവും തൊഴിലില്ലായ്‌മയും ഉയര്‍ത്തി കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'തൊഴിലില്ലായ്‌മയും വിലക്കയറ്റവും രാജ്യത്തെ ജനങ്ങളെ ക്ഷീണിപ്പിച്ചിരിക്കുകയാണ്. ഈ പ്രശ്നങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ അവരുടെ ബുള്‍ഡോസര്‍ ചലിപ്പിക്കേണ്ടത്. എന്നാല്‍ വിദ്വേഷവും ഭീകരതയുമാണ് ബിജെപിയുടെ ബുള്‍ഡോസറിനെ ചലിപ്പിക്കുന്നത്' - രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്‌തു.
ഉത്തര്‍പ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ വലിയ ബുള്‍ഡോസര്‍ റാലിയുണ്ടായിരുന്നു. ഇതിനെ പരോക്ഷമായി സൂചിപ്പിച്ചാണ് ബുള്‍ഡോസര്‍ പരാമര്‍ശം. രാജ്യത്ത് നിലവിലെ റീട്ടേയല്‍ പണപ്പെരുപ്പം 6.35 ശതമാനമാണ്.
പതിനാറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴത്തെ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ധനങ്ങളുടെ വില അന്താരാഷ്ട്ര തലത്തില്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ വിലക്കയറ്റം ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അന്താരാഷ്ട്ര രംഗത്തെ ഉയര്‍ന്ന ഇന്ധന വില പൂര്‍ണമായും എണ്ണക്കമ്പനികള്‍ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് പകര്‍ന്നിട്ടില്ല. ഘട്ടംഘട്ടമായി ഉയര്‍ന്ന അന്താരാഷ്ട്ര വില ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതോടെ വിലക്കയറ്റം രൂക്ഷമാകാനുള്ള സാധ്യതയാണുള്ളത്.