ന്യൂഡൽഹി : ഉത്തർപ്രദേശിലെ ബിജെപി വിജയത്തിൽ ബിഎസ്‌പിയെ പഴിചാരി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഹകരിക്കാത്തതിൽ ബിഎസ്‌പി അധ്യക്ഷ മായാവതിയെ കുറ്റപ്പെടുത്തിയ അദ്ദേഹം, ഉത്തർപ്രദേശിലെ ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയത് അവരാണെന്നും ആരോപിച്ചു. ജവഹർ ഭവനിൽ കോൺഗ്രസ് പ്രവർത്തകനായ കെ രാജുവിന്‍റെ 'ദി ദളിത് ട്രൂത്ത്' എന്ന പുസ്‌തകത്തിന്‍റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
മായാവതിക്കെതിരെ രാഹുൽ ഗാന്ധി : അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയാകാൻ താൻ ബിഎസ്‌പി അധ്യക്ഷയോട് നിർദേശിച്ചിരുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ വിഷയം ചർച്ച ചെയ്യാൻ പോലും മായാവധി തയാറായില്ലെന്നും പകരം ബിജെപിക്ക് വഴിയൊരുക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു. മായാവതിയുടെ രാഷ്ട്രീയ ഗുരുവും ബിഎസ്‌പി സ്ഥാപകനുമായ കാൻഷിറാം യുപിയിലെ ദലിതരെ ശാക്തീകരിക്കാൻ തന്‍റെ വിയർപ്പും രക്തവും നൽകിയ വ്യക്തിത്വമാണെന്നും രാഹുല്‍ പറഞ്ഞു.
ബിജെപിയുടേത് ഭരണഘടനയ്‌ക്കെതിരായ ആക്രമണം : സിബിഐ, ഇഡി പോലുള്ള ഏജൻസികളെ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങള്‍ ബിജെപി അട്ടിമറിക്കുകയാണ്. ഭരണഘടനയ്‌ക്ക് നേരെയുള്ളത് പുതിയൊരു ആക്രമണമല്ല. മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ച ദിവസം മുതൽ തന്നെ ഭരണഘടനയ്‌ക്കെതിരായ ആക്രമണം ആരംഭിച്ചിരുന്നു. ഡോ. ബി.ആർ അംബേദ്‌കറാണ് ഭരണഘടന തയാറാക്കിയതെങ്കിലും ഇന്നത്തെ രാഷ്‌ട്രീയ വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത് മാധ്യമങ്ങൾ, കോർപ്പറേറ്റുകൾ, പെഗാസസ് സോഫ്‌റ്റ്‌വെയർ, സിബിഐ, ഇഡി മുതലായവയാണെന്ന് അദ്ദേഹം പരിഹസിച്ചു.
ജനങ്ങൾ ഒന്നിക്കണമെന്ന് രാഹുൽ ഗാന്ധി : ഭരണഘടന തഴയപ്പെടുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാവപ്പെട്ട ജനതയെയാണ്. ദലിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, തൊഴിൽരഹിതർ, ചെറുകിട കർഷകർ എന്നിവര്‍ കടുത്ത ദുരിതത്തിലാണ്. ജനങ്ങളെ പോരാടാൻ ഉദ്‌ബോധിപ്പിച്ച അദ്ദേഹം, മഹാത്മാഗാന്ധി കാണിച്ചുതന്ന പാത ദുഷ്‌കരമായിരുന്നുവെന്നും എന്നാൽ ആ വഴിയിലൂടെ ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നും ആഹ്വാനം ചെയ്‌തു.