ന്യൂഡല്‍ഹി : നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സഹോദരിയും പാർട്ടി നേതാവുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ഇ.ഡി ഓഫിസിലെത്തിയത്. കോൺഗ്രസ് ആസ്ഥാനത്തുനിന്നും ഇഡി ഓഫിസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനെ അനുഗമിച്ച് മാർച്ച് സംഘടിപ്പിച്ചു. നിരോധനാജ്ഞ ലംഘിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നത്.
എന്നാല്‍ മാര്‍ച്ച് ഇ.ഡി ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെ കെ.സി വേണുഗോപാല്‍ എംപി കുഴഞ്ഞുവീണു. കെ.സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല, കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍ കുര്യാക്കോസ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്‌ത് നീക്കി. കെ.സി വേണുഗോപാല്‍ എംപിയെ ഡോക്‌ടര്‍മാര്‍ പരിശോധിച്ചതായി നേതാക്കള്‍ അറിയിച്ചു.
കോണ്‍ഗ്രസിന്‍റെ മാര്‍ച്ചിന് ഡല്‍ഹി പൊലീസ് നേരത്തേ അനുമതി നിഷേധിച്ചിരുന്നു. വീട്ടില്‍ നിന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെയും നേതാക്കളെയും കണ്ട ശേഷം അവിടെ നിന്ന് രാഹുല്‍ഗാന്ധി ഇ.ഡി ഓഫിസിലേക്ക് യാത്ര തിരിക്കുകയായിരുന്നു. എത്ര കടുത്ത മുറകള്‍ പ്രയോഗിച്ചാലും മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നത് ജനങ്ങളെ കാണിക്കാനുമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവര്‍ത്തകര്‍ രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു.
Also Read പൊലീസ് വലയത്തില്‍ എഐസിസി ആസ്ഥാനവും രാഹുലിന്‍റെ വസതിയും : മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകരെ തടഞ്ഞു
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയിരുന്നു. ജൂണ്‍ 2നാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി രാഹുലിന് നോട്ടിസ് അയച്ചത്. അദ്ദേഹം വിദേശത്തായിരുന്നതിനാല്‍ ജൂണ്‍ 13ലേക്ക് തീയതി മാറ്റുകയായിരുന്നു. ജൂണ്‍ 23ന് ഹാജരാകാന്‍ സോണിയ ഗാന്ധിയോടും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നെന്ന് ആരോപിക്കുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളോട് ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ചത്. സംഭവത്തില്‍ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സാല്‍ എന്നിവരെ ഈ വര്‍ഷം ഏപ്രിലില്‍ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു.