ന്യൂഡല്‍ഹി : അമേരിക്കന്‍ പര്യടനത്തിനിടെ ട്രക്ക് യാത്ര ചെയ്‌തും ഡ്രൈവര്‍മാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസിലെ വാഷിങ്‌ടണില്‍ വച്ചാണ് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ വംശജരായ ട്രക്ക് ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്ര ചെയ്‌ത് അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞത്. യുഎസിലേക്ക് തിരിക്കുന്നതിന് മുമ്പ് ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഡിലേക്ക് അദ്ദേഹം ട്രക്കില്‍ യാത്ര ചെയ്‌തതും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
രാഹുലിന്‍റെ 'അമേരിക്കന്‍ ട്രക്ക് യാത്ര' : വാഷിങ്‌ടണ്‍ ഡിസിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് 190 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധി 'അമേരിക്കന്‍ ട്രക്ക് യാത്ര' നടത്തിയത്. ഈ സമയം തൽജീന്ദർ സിങ് വിക്കി ഗില്ലായിരുന്നു അദ്ദേഹത്തിന്‍റെ സാരഥി. ഇവര്‍ക്കൊപ്പം രഞ്ജിത് സിംഗ് ബനിപാലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒടുക്കം ഒരു ഭക്ഷണശാലയില്‍ നിന്ന് വിഭവസമൃദ്ധമായ പ്രാതലോടെയാണ് രാഹുല്‍ തന്‍റെ ട്രക്ക് യാത്ര അവസാനിപ്പിച്ചത്.
ഇന്ത്യയും അമേരിക്കയും : ഡല്‍ഹി - ഛത്തീസ്‌ഗഡ് ട്രക്ക് യാത്ര പോലെ തന്നെ ഹൃദയം തുറന്നുള്ള സംഭാഷണങ്ങളോടെയായിരുന്നു രാഹുലിന്‍റെ യാത്ര. ഇതിനിടെ ഇന്ത്യന്‍ വംശജരായ ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ച് മനസിലാക്കാനും അദ്ദേഹം മറന്നില്ല. ഡ്രൈവര്‍മാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് യുഎസിലെ ട്രക്കുകള്‍ രൂപകല്‍പ്പന ചെയ്‌തിട്ടുള്ളതെന്നും എന്നാല്‍ ഇന്ത്യയിലെ സ്ഥിതി ഇതല്ലെന്നും അദ്ദേഹം ഇവരോട് മനസുതുറന്നു.
Also Read: അർധരാത്രി ട്രക്കിൽ യാത്ര ചെയ്‌ത് രാഹുൽ ഗാന്ധി, ഡ്രൈവർമാരുമായി ചർച്ച; വൈറലായി വീഡിയോ
അല്‍പ്പം ഇന്ത്യന്‍ വിശേഷങ്ങള്‍ : ഇന്ത്യയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ തങ്ങളുടെ തുച്ഛമായ വേതനവും അന്തമില്ലാത്ത വിലക്കയറ്റവും കൊണ്ട് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണെന്നും എന്നാല്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്ക് അവരുടെ അധ്വാനത്തിനുള്ള മാന്യമായ വേതനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകൂടാതെ ഇന്ത്യയിലെ ചരക്കുകളുടെ വിലക്കയറ്റം, പണപ്പെരുപ്പം, രാഷ്‌ട്രീയം എന്നിവയെല്ലാം ട്രക്ക് യാത്രയില്‍ ചര്‍ച്ചയായി. ഒരു മതവും വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. മാത്രമല്ല യാത്രയ്ക്കിടെ അടുത്തിടെ കൊല്ലപ്പെട്ട പ്രശസ്‌ത ഗായകന്‍ സിദ്ധു മൂസേവാലയുടെ പാട്ടുകളും ഇവര്‍ ആസ്വദിച്ചു.
ട്രക്ക് ജീവനക്കാരെ പ്രശംസിച്ച് : അമേരിക്കൻ ട്രക്ക് വ്യവസായത്തിൽ നിന്ന് ഞങ്ങൾക്ക് ധാരാളം പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്നും, ഇതിന് ഇന്ത്യയിലെ ട്രക്ക് വ്യവസായത്തിന് പുതിയ ദിശ കാണിക്കാനാവുമെന്നും രാഹുല്‍ പറഞ്ഞു. തങ്ങളുടെ വന്‍കിട പ്രവര്‍ത്തനങ്ങളുടെയെല്ലാം ജീവനാഡിയാണ് ഇന്ത്യൻ ട്രക്ക് ഡ്രൈവർമാരെന്നും അവർ മാന്യമായ ജീവിതത്തിന് അർഹരാണെന്നും രാഹുല്‍ അറിയിച്ചു. അടുത്തിടെ അദ്ദേഹം തന്നെ നേതൃത്വം നല്‍കി വിജയകരമായി പൂര്‍ത്തിയാക്കിയ 'ഭാരത് ജോഡോ യാത്ര'യുടെ മുന്‍നിര പോരാളികള്‍ ഈ ട്രക്ക് ഡ്രൈവര്‍മാരായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ഓര്‍ത്തെടുത്തു.
മുമ്പ് ഡല്‍ഹി -ചത്തീസ്‌ഗഡ് യാത്രാമധ്യേ ഹരിയാനയിലെ മുർത്തലിൽ നിന്ന് അംബാലയിലേക്കാണ് രാഹുൽ ഗാന്ധി ട്രക്കിൽ യാത്ര ചെയ്‌തത്. ഷിംലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സഹോദരി പ്രിയങ്ക ഗാന്ധിയെ കാണുന്നതിനായിരുന്നു രാഹുൽ യാത്ര തിരിച്ചത്. ലോറിയിൽ ഇരുന്ന് രാഹുൽ അണികളെ കൈവീശി കാണിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.