ന്യൂഡല്‍ഹി : അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നന്ദിപ്രമേയത്തിനുള്ള മറുപടിയില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നടത്തിയ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഓഹരി കൃത്രിമം കാണിച്ചുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ സ്ഫോടനാത്മക റിപ്പോർട്ട് പുറത്തുവന്നതിന് ശേഷവും ആരോപണവിധേയനായ ഗൗതം അദാനിയെക്കുറിച്ച് പ്രധാനമന്ത്രി ഒരു വാക്കുപോലും പ്രതികരിക്കുന്നില്ല എന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.
ഒന്നും പറഞ്ഞില്ലെങ്കിലും, എല്ലാം തെളിഞ്ഞു: പ്രധാനമന്ത്രിയാണ് അദ്ദേഹത്തെ (അദാനി) സംരക്ഷിക്കുന്നത് എന്നതില്‍ സംശയമില്ല. ഇതൊരു ദേശീയ സുരക്ഷ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഇതില്‍ പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ താന്‍ സന്തുഷ്‌ടനല്ല. പരിശോധന നടന്നുവെന്നതിനെ സംബന്ധിച്ച് ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞില്ല. അദാനി അദ്ദേഹത്തിന്‍റെ സുഹൃത്തല്ലെങ്കില്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറയണമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. താന്‍ വളരെ ലളിതമായൊരു ചോദ്യമാണ് ചോദിച്ചത്. പക്ഷേ അതിന് അദ്ദേഹത്തിന് മറുപടിയില്ലായിരുന്നു. അതില്‍ താന്‍ പൂര്‍ണ സന്തുഷ്‌ടനല്ലെങ്കിലും അതിലൂടെ സത്യം തെളിഞ്ഞതായി രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അസൂയക്കാരുടെ മുറവിളി : അതേസമയം ചോദ്യങ്ങള്‍ക്കെല്ലാം സുരക്ഷാകവചമൊരുക്കിയായിരുന്നു പ്രധാനമന്ത്രിയുടെ പാര്‍ലമെന്‍റിലെ മറുപടികള്‍. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന മഹാമാരികളും സംഘര്‍ഷങ്ങളും കൊണ്ട് ലോകത്തിന്‍റെ ചില ഭാഗത്തുള്ളവര്‍ ബുദ്ധിമുട്ടുമ്പോഴും അസ്ഥിരതയ്‌ക്കിടയിലും ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയെ ഉറ്റുനോക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. മാത്രമല്ല ഇന്ത്യയുടെ വളര്‍ച്ച അംഗീകരിക്കാന്‍ വിസമ്മതിച്ച് ചിലര്‍ നിരാശയില്‍ തലതാഴ്‌ത്തി ഇരിക്കുകയാണെന്ന് അദ്ദേഹം പ്രതിപക്ഷത്തിനെതിരെയും ഒളിയമ്പെയ്‌തിരുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പൊതുജനക്ഷേമ പദ്ധതികള്‍ വിവരിക്കുമ്പോള്‍ 'മോദി, മോദി' എന്ന് ബിജെപി എംപിമാര്‍ ആര്‍പ്പുവിളിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ 'അദാനി, അദാനി' എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി.