ഹൈദരാബാദ് : പ്രതിപക്ഷ നേതാക്കളെ സർക്കാർ ഏജൻസികൾ ആക്രമിക്കുമ്പോൾ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനും (K Chandrashekar Rao) എഐഎംഐഎം (All India Majlis-e-Ittehadul Muslimeen) നേതാക്കൾക്കുമെതിരെ യാതൊരു കേസുകളും രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി (Rahul Gandhi). ബിആർഎസിനെ (Bharat Rashtra Samithi ) 'ബിജെപി ബന്ധുത്വ സമിതി' ('BJP Rishtedar Samithi') എന്ന് പരാമർശിച്ച രാഹുൽ മുഖ്യമന്ത്രിക്കെതിരെ കേസുകളില്ലാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ സ്വന്തം ആളുകളായി കാണുന്നതുകൊണ്ടാണെന്നും ആരോപിച്ചു. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടുക്കുഗുഡയിൽ ചേർന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ബിജെപിയ്‌ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ബിആർഎസ് പിന്തുണ നൽകി : കോൺഗ്രസിന്‍റെ പോരാട്ടം ബിആർഎസ് (BRS), ബിജെപി, എഐഎംഐഎം എന്നിവർക്കെതിരെയാണ്. ഈ മൂന്ന് പാർട്ടികളും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ലോക്‌സഭയിൽ ബിജെപിയ്‌ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ബിആർഎസ് അവരെ പിന്തുണച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ, ജിഎസ്‌ടി, രാഷ്‌ട്രപതി - ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം ബിജെപിയെ ബിആർഎസ് പിന്തുണച്ചതിന് ഉദാഹരണങ്ങളാണെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
കോൺഗ്രസ് യോഗത്തെ തടസപ്പെടുത്താൻ മൂന്ന് പാർട്ടികളും ശ്രമിച്ചു. പക്ഷെ അവർ പരാജയപ്പെട്ടു. കോൺഗ്രസിനെ തടയാനുള്ള പുതിയ വഴികൾ അവർ ഇനി ചർച്ച ചെയ്യും. എല്ലാ പ്രതിപക്ഷ നേതാക്കൾക്ക് പിന്നാലെയും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്‍റ് തുടങ്ങിയ സർക്കാർ ഏജൻസികൾ ഉണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
100 ദിവസത്തിനുള്ളിൽ ബിആർഎസ് സർക്കാർ ഇല്ലാതാകും : എപ്പോഴും പ്രതിപക്ഷം മാത്രമാണ് ആക്രമിക്കപ്പെടുന്നത്. മോദി സ്വന്തം ആളുകളെ ആക്രമിക്കാറില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയ്‌ക്കും എ.ഐ.എം.ഐ.എം നേതാക്കൾക്കും എതിരെ കേസുകളില്ലാത്തത്. ബിആർഎസ് അധ്യക്ഷൻ ചന്ദ്രശേഖര റാവുവിനും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കുമെതിരെ (AIMIM chief Asaduddin Owaisi) പൊതുയോഗത്തിൽ രാഹുൽ രൂക്ഷ വിമർശനമാണ് നടത്തിയത്. തെലങ്കാനയ്‌ക്ക് സംസ്ഥാന പദവി നൽകിയത് പോലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സോണിയ ഗാന്ധി നടത്തിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെടുമെന്ന് പറഞ്ഞ രാഹുൽ, അടുത്ത 100 ദിവസത്തിനുള്ളിൽ ബിആർഎസ് സർക്കാർ ഇല്ലാതാകുമെന്നും അത് ബിജെപിക്കോ എഐഎംഐഎമ്മിനോ തടയാനാകില്ലെന്നും കൂട്ടിച്ചേർത്തു.