റാഞ്ചി: അപകീർത്തി കേസിൽ ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ എംപി-എംഎൽഎ കോടതിയിൽ നേരിട്ട് ഹാജരാകാൻ 15 ദിവസത്തെ സമയം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ. മോദി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് റാഞ്ചിയിലെ കോടതിയിൽ വാദം നടന്നപ്പോഴായിരുന്നു അഭിഭാഷകൻ പ്രദീപ് ചന്ദ്ര രാഹുൽ ഗാന്ധിയ്‌ക്കായി സമയം നീട്ടി കിട്ടണമെന്ന് ആവശ്യപ്പെട്ടത്. നിലവിൽ റാഞ്ചി എംപി-എംഎൽഎ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം ദേഹപരിശോധനയിൽ നിന്ന് ഒഴിവാക്കണമെന്ന് രാഹുൽ ഗാന്ധി നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കോൺഗ്രസ് നേതാവിന്‍റെ ഹർജി മേയ് ആദ്യം റാഞ്ചിയിലെ എംപി - എംഎൽഎ കോടതി തള്ളി. ഇതിന് പുറമെ മാനനഷ്‌ടക്കേസിൽ മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതിയും വിധി പറയാൻ മാറ്റിയിരുന്നു.
വേനലവധിയ്‌ക്ക് ശേഷം വിധി : ഹർജിയിൽ വിശദമായ വാദം കേട്ട ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് വേനലവധിയ്‌ക്ക് ശേഷം വിധി പറയും. സൂറത്ത് സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ഏപ്രിൽ 20ന് തള്ളിയതിനെ തുടർന്നാണ് രാഹുൽ ഏപ്രിൽ 25 ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഏപ്രിൽ 29ന് വിചാരണ നടന്നിരുന്നെങ്കിലും രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി വാദം മേയ് രണ്ടിലേക്ക് മാറ്റുകയും ഇടക്കാല സ്‌റ്റേ ഇല്ലെന്ന് വിധി പറയുകയുമായിരുന്നു. കോടതി ഇടക്കാല സ്‌റ്റേ നൽകാത്തതിനാൽ രാഹുലിന്‍റെ പാർലമെന്‍റ് അയോഗ്യത തുടരും.
also read : 'കോൺഗ്രസിന്‍റെ കാലത്ത് അമേഠിയിൽ ഒരു വികസനവും ഉണ്ടായിട്ടില്ല'; സ്‌മൃതി ഇറാനി
കേസിനാസ്‌പദമായ സംഭവം : പൂർണേഷ് മോദി നൽകിയ കേസിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) 499, 500 (അപകീർത്തിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരം മാർച്ച് 23നാണ് രാഹുലിനെ കീഴ്‌ക്കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. ക്രിമിനൽ മാനനഷ്‌ടക്കേസിൽ കീഴ്‌ക്കോടതി ശിക്ഷിച്ചതിനെ തുടർന്ന് വയനാട് എംപിയായ രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ അയോഗ്യനാക്കിയിരുന്നു. 2019 ഏപ്രിലിൽ 13 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടന്ന ഒരു റാലിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ' എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പൊതുനാമം വന്നത്' എന്ന പ്രസ്‌താവനയാണ് രാഹുൽ ഗാന്ധിയെ വിവാദത്തിലാക്കിയത്.
also read : രാഹുൽ ഗാന്ധിക്ക് 3 വർഷത്തെ പാസ്‌പോർട്ട് ; എൻഒസി നൽകി ഡൽഹി കോടതി