ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിന പരേഡിന് കൊവിഡ് മങ്ങലേല്‍പ്പിച്ചെങ്കിലും പ്രൗഢി കുറയില്ല. രാജ്യത്തിന്‍റെ സംസ്കാരവും വൈവിധ്യവും സാമൂഹ്യ സാമ്പത്തിക മേഖലകളെയും സ്പർശിക്കുന്ന പരേഡാണ് ഇന്ന് നടക്കുക. വിശിഷ്ട അതിഥി ഇല്ലാത്ത ചടങ്ങ് കൂടിയാണ് ഇത്തവണത്തേത്. റിപ്പബ്ലിക് ദിനപരേഡില്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോന്‍സനെ പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു. എന്നാല്‍ ബ്രിട്ടനിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് അദ്ദേഹം സന്ദർശനം റദ്ദാക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് രാജ്യം വിശിഷ്ട അതിഥി ഇല്ലാതെ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്.
സായുധസേനയുടെ പരേഡിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 17 നിശ്ചല ദൃശ്യങ്ങള്‍,വിവിധ വകുപ്പുകളുടെ 9 നിശ്ചല ദൃശ്യങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ ആറ് നിശ്ചല ദൃശ്യങ്ങള്‍ എന്നിവയാണ് പരേഡില്‍ അണിനിരക്കുക. റഫേല്‍ യുദ്ധ വിമാനങ്ങളും ജാഗ്വർ ,മിഗ് -29 വിമാനങ്ങളുടെയും പ്രകടനമാണ് പരേഡിന്‍റെ മുഖ്യ ആകർഷണം. ബംഗ്ലാദേശ് സായുധസേനയും പരേഡില്‍ അണിനിരക്കും. കേന്ദ്രഭരണ പ്രദേശമായ ലഡാക്കും ഇത്തവണ ആദ്യമായി പരേഡില്‍ പങ്കെടുക്കുന്നുണ്ട്.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കേരളം ഇത്തവണ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കും. കൊയര്‍ ഓഫ് കേരള എന്ന വിഷയം ദൃശ്യവത്ക്കരിച്ചാണ് ഈ വര്‍ഷം കേരളം പരേഡിന്‍റെ ഭാഗമാകുന്നത്. 12 കലാകാരന്‍മാര്‍ ഫ്‌ളോട്ടില്‍ അണിനിരക്കും
ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരമർപ്പിക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരെ പ്രധാനമന്ത്രി അനുസ്മരിക്കും.തുടർന്ന് രാജ്പഥിലേക്ക് നീങ്ങും.ദേശീയ ഗാനത്തിന്‍റെ അകമ്പടിയോടെയാണ് പതാക ഉയർത്തല്‍ ചടങ്ങ് നടക്കുക.പ്രസിഡണ്ട് രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിക്കും.തുടർന്ന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
25,000 പേർക്കാണ് പരേഡ് കാണാന്‍ അനുമതിയുള്ളത്. അതോടൊപ്പം പരേഡിന്‍റെ ദൈർഘ്യവും കുറച്ചിട്ടുണ്ട്. റെഡ് ഫോർട്ട് വരെയുണ്ടായിരുന്ന പരേഡ് നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും.