കൊല്‍ക്കത്ത : കൊവിഡ് മഹാമാരിക്ക് ശേഷം, കൊല്‍ക്കത്തയിലെ തെരുവോരങ്ങളെ വര്‍ണാഭമാക്കി റെയിന്‍ബോ പ്രൈഡ് വോക്ക് തിരിച്ചെത്തി. എല്‍ജിബിടിക്യു സമൂഹം നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്‌താണ് രണ്ട് വര്‍ഷത്തിനിപ്പുറം പ്രൈഡ് വോക്ക് സംഘടിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 377 ഭാഗികമായി റദ്ദാക്കി കൊണ്ട് പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള സ്വവര്‍ഗ ബന്ധം കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിയുടെ നാലാം വാര്‍ഷികമാണ് ആഘോഷിക്കുന്നതെന്ന് പ്രശസ്‌ത ഫാഷൻ ഡിസൈനറും പ്രൈഡ് വോക്കിന്‍റെ പ്രധാന സംഘാടകരിലൊരാളുമായ നവനിൽ ദാസ് പറഞ്ഞു.
'കൊവിഡ് വന്ന് 2 വര്‍ഷങ്ങള്‍ക്ക് ശേഷം സംഘടിപ്പിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ പ്രൈഡ് വോക്ക് കുറച്ചധികം സ്‌പെഷ്യലാണ്. വ്യക്തി സ്വാതന്ത്ര്യത്തിന് എതിരുനില്‍ക്കുന്ന എല്ലാത്തരം ആധികാരിക തത്വങ്ങളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം എന്നതാണ് ഞങ്ങള്‍ ഇത്തവണ മുന്നോട്ടുവയ്‌ക്കുന്ന ആശയം' - നവനില്‍ ദാസ് വ്യക്തമാക്കി.
ചങ്ങലകള്‍ പൊട്ടിച്ച് ഇന്ത്യന്‍ സമൂഹം : കാനഡയില്‍ നിന്നുള്ള പ്രവാസിയും ഒരു ട്രാന്‍സ്‌വുമണിന്‍റെ അമ്മയുമായ ഋതുപര്‍ണ ആന്‍ഷ്യ ആദ്യമായി പ്രൈഡ് വോക്കില്‍ പങ്കെടുക്കാനെത്തിയിരുന്നു. തനിക്ക് ഇതൊരു പുതിയ അനുഭവമാണെന്നും മകളുടെ കാര്യത്തില്‍ അഭിമാനമുണ്ടെന്നും ഋതുപര്‍ണ പറഞ്ഞു. 'എന്‍റെ മകന്‍ അവന്‍റെ സെക്ഷ്വല്‍ ഓറിയന്‍റേഷനെ കുറിച്ച് ആദ്യമായി പറഞ്ഞപ്പോള്‍ ഞങ്ങള്‍ കാനഡയിലായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കാനഡയിലായത് നന്നായി എന്ന് അന്ന് ഞാന്‍ ആശ്വസിച്ചു.
കാരണം ഇന്ത്യയില്‍ അക്കാലത്ത് സ്വവര്‍ഗ ബന്ധത്തിന് നിയമപരമായ വിലക്കുകള്‍ നിലനിന്നിരുന്നു. എന്‍റെ മകന്‍ ട്രാന്‍സ് വുമണായി മാറുന്നത് ഞാന്‍ അടുത്തുനിന്ന് അനുഭവിച്ചറിയുകയായിരുന്നു. കനേഡിയന്‍ സമൂഹം അവളെ അവളായി തന്നെ അംഗീകരിച്ചു. ഇന്ത്യന്‍ സമൂഹം ക്രമേണ വിലക്കുകള്‍ പൊട്ടിച്ച് പുറത്തുവരുന്നതായി ഈ പ്രൈഡ് വോക്കില്‍ പങ്കെടുത്തപ്പോള്‍ എനിക്ക് മനസിലായി. എന്‍റെ വിദ്യാഭ്യാസമൊക്കെ കൊല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കിയതില്‍ ഞാനിപ്പോള്‍ അഭിമാനിക്കുന്നു' - ഋതുപര്‍ണ തന്‍റെ സന്തോഷം പങ്കുവച്ചു.
ക്വിയര്‍ വ്യക്തികള്‍ക്ക് മാതാപിതാക്കളുടെ പിന്തുണ : മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി നിരവധി ക്വിയര്‍ വ്യക്തികളുടെ അച്ഛനമ്മമാരും പ്രൈഡ് വോക്കില്‍ പങ്കെടുക്കാനെത്തിയത് ഏറെ ശ്രദ്ധേയമായി. സെലിബ്രിറ്റി ഷെഫ് ഷോണ്‍ കെന്‍വര്‍ത്തിയും അദ്ദേഹത്തിന്‍റെ ഭാര്യയും മുന്‍കാല മോഡലുമായ പിങ്കി കെന്‍വര്‍ത്തിയും ക്വിയര്‍ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രൈഡ് വോക്കില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊവിഡ് മൂലം ഇത്തരമൊരു ആഘോഷം നഷ്‌ടപ്പെട്ടെന്നും അതിനാല്‍ ഇത്തവണ എല്ലാവരും വളരെ ആവേശത്തിലാണെന്നും എല്‍ജിബിടിക്യു ആക്‌ടിവിസ്റ്റായ ട്രേസി ശിവാംഗി സര്‍ദാര്‍ പറഞ്ഞു.
'ഞങ്ങളുടെ അവകാശങ്ങള്‍ അത്രയധികം വര്‍ണാഭമായി ആഘോഷിക്കുന്ന ദിവസമാണിത്. അതിനാല്‍ ഇത് ഞങ്ങള്‍ക്ക് അത്രയും പ്രധാനപ്പെട്ട നിമിഷമാണ്' - ട്രേസി പറഞ്ഞു. ക്ലാസ് മുറികളിലെ കാര്‍ക്കശ്യത്തില്‍ നിന്നും മാറി വ്യത്യസ്‌തമായ സെക്ഷ്വല്‍ ഓറിയന്‍റേഷന്‍ ഉള്ള വിദ്യാര്‍ഥികളെ കാണാനും അവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള അവസരമായി പ്രൈഡ് വോക്കിനെ കാണുന്നു എന്ന് അധ്യാപികയായ ജയിത സര്‍ക്കാര്‍ പറഞ്ഞു. 'എന്‍റെ വിദ്യാര്‍ഥികള്‍ അവരുടെ ടീച്ചറെ മറ്റൊരു മാനസികാവസ്ഥയില്‍ കാണുന്ന ദിവസമാണ് ഇത്' - ജയിത തന്‍റെ സന്തോഷം പങ്കുവച്ചു.