ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ നിര്‍മാതാക്കളായി മാറിയെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. മൊബൈല്‍ നിര്‍മാണത്തില്‍ ചൈനയെ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ രാജ്യത്താകെ രണ്ട് മൊബൈല്‍ നിര്‍മാണ ഫാക്‌ടറികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ ഇന്ന് 260ലധികം നിര്‍മാണ കേന്ദ്രങ്ങളായി വര്‍ധിച്ചുവെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. അതേസമയം ചൈനയെ മറികടക്കുകയെന്ന ലക്ഷ്യത്തിനായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്‌ഐസിസിഐയുടെ തൊണ്ണൂറ്റിമൂന്നാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിന് ശേഷം സാമ്പത്തിക പുനരുജ്ജീവനത്തിനായി സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുക എന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്.
കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കാനായി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കഴിയുമെന്നും സാധാരണക്കാരായ ജനതയെ ശാക്തീകരിക്കാന്‍ ഇതിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 440 ഓളം പദ്ധതികളിലൂടെ 13,00,000 കോടി രൂപ കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ സാധാരണക്കാരന്‍റെ ബാങ്ക് അക്കൗണ്ടിലെത്തിയെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇടനിലക്കാരിലെത്തുന്ന 1,70,000 കോടി രൂപ ലാഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1.3 ബില്ല്യണിലധികം ജനസംഖ്യയുള്ള ഇന്ത്യയില്‍ 1.2 ബില്ല്യണ്‍ മൊബൈല്‍ ഫോണുകളുണ്ട്. 1.26 ബില്ല്യണ്‍ ആധാര്‍ കാര്‍ഡുകളുണ്ടെന്നും രവിശങ്കര്‍ പ്രസാദ് കണക്കുകള്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ ഐടി മേഖലയിലുള്ള 85 ശതമാനം പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.