ചണ്ഡീഗഡ്: പഞ്ചാബിലെ 10 സർക്കാർ സ്‌കൂളുകൾക്ക് പഞ്ചാബിൽ നിന്നുള്ള ഒളിമ്പിക്‌സ് ഹോക്കി മെഡൽ ജേതാക്കളുടെ പേര് നൽകി സംസ്ഥാന സർക്കാർ. പഞ്ചാബിൽ നിന്നുള്ള 20 കളിക്കാരാണ് ഈ പ്രാവശ്യത്തെ ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിൽ ഉണ്ടായിരുന്നത്. അതിൽ മെഡൽ നേടിയ 10 പേരുടെ പേരുകളാണ് സർക്കാർ സ്‌കൂളുകൾക്ക് നൽകിയത്.
ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗിന്‍റെ പേര് ജലന്ധർ മിഠാപൂരിലെ ജിഎസ്എസ് സ്കൂളിന് നൽകി. ഇനി മുതൽ ഈ സ്കൂൾ ഒളിമ്പ്യൻ മൻപ്രീത് സിംഗ് ഗവൺമെന്‍റ് സീനിയർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെടും. ആറ് ഗോളുകൾ നേടി ടോപ് സ്കോററായ വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്‍റെ പേരാണ് അമൃത്സറിലെ തിമ്മോവൽ ജി.എസ്.എസ് സ്കൂളിന് നൽകിയത്.
അങ്ങനെ മൻദീപ് സിംഗ്, ഷംഷേർ സിംഗ്, രൂപീന്ദർപാൽ സിംഗ്, ഹാർദിക് സിംഗ്, ഗുർജന്ത് സിംഗ്, സിമ്രൻജിത് സിംഗ് എന്നിവരുടെ പേരുകളും പഞ്ചാബിലെ വിവിധ സർക്കാർ സ്കൂളുകൾക്ക് നൽകി. ഇന്ത്യൻ കായിക രംഗത്ത് പഞ്ചാബിന്‍റെ സുവർണ സംഭാവനയുണ്ടെന്നും 20 കായിക താരങ്ങൾ പഞ്ചാബിൽ നിന്നുള്ളവരായതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ പുരുഷ ഹോക്കി സംഘത്തെ (ഹരിയാനയ്ക്ക് ശേഷം) ഒളിമ്പിക്‌സിൽ അയക്കാൻ സാധിച്ചതായും പഞ്ചാബ് സ്കൂൾ വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ്ല പറഞ്ഞു.
ഇന്ത്യൻ പുരുഷ ഹോക്കി ടീം 41 വർഷങ്ങൾക്ക് ശേഷമാണ് ഒളിമ്പിക് മെഡൽ നേടി ചരിത്രം കുറിച്ചത്. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീം ജർമ്മനിയെ 5-4 ന് പരാജയപ്പെടുത്തി വെങ്കലം നേടുകയായിരുന്നു.
Also read: തകര്‍പ്പന്‍ സേവുകളുമായി ശ്രീജേഷ് ; ജര്‍മനിയെ തകര്‍ത്ത് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം