ചണ്ഡിഗഡ്: പഞ്ചാബിലെ സാമൂഹിക സുരക്ഷ, വനിതാ ശിശു വികസന മന്ത്രി ഡോ. ബൽജിത് കൗർ വീണ്ടും ഡോക്‌ടർ കുപ്പായമണിയുന്നു. മുക്ത്സർ ജില്ലയിലെ ഭഗ്‌സർ ഗ്രാമത്തിലെ ആം ആദ്‌മി ക്ലിനിക്കിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ നേത്രരോഗ വിദഗ്‌ധ കൂടിയായ ബൽജിത് കൗർ രോഗികളെ ചികിത്സിക്കും. മന്ത്രിയായ ശേഷവും ഡോക്‌ടറെന്ന നിലയിൽ ജനസേവനത്തിനായി സമയം കണ്ടെത്തുകയാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഡോ.ബൽജിത് കൗർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മുക്ത്സറിലെ സർക്കാർ ആശുപത്രിയിൽ നേത്രരോഗ വിദഗ്‌ധയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സങ്കൽപ് എജ്യുക്കേഷണൽ വെൽഫെയർ സൊസൈറ്റിയുടെ പിന്തുണയോടെ പഞ്ചാബ് സർക്കാരാണ് ശനിയാഴ്‌ച ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 15ന് ആം ആദ്‌മി സർക്കാർ സംസ്ഥാനത്തുടനീളം 75 ആം ആദ്‌മി ക്ലിനിക്കുകൾ തുറന്നിരുന്നു. ഇവിടെ 100 ഓളം ക്ലിനിക്കൽ പരിശോധനകൾ സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ രോഗികൾക്കുള്ള മരുന്നുകളും സൗജന്യമാണ്. ഓരോ ക്ലിനിക്കിലും ഒരു ഡോക്‌ടറും ലബോറട്ടറി ടെക്‌നീഷ്യനും ഉൾപ്പെടെ നാല് ജീവനക്കാരാണുള്ളത്.
സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ സംവിധാനം നവീകരിക്കുന്നതിനുള്ള ചവിട്ടുപടിയായിരിക്കും ആം ആദ്‌മി ക്ലിനിക്കുകളെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പദ്ധതിയുടെ ഉത്ഘാടന വേളയിൽ പറഞ്ഞിരുന്നു. 117 അംഗ പഞ്ചാബ് നിയമസഭയിലെ ആം ആദ്‌മി പാർട്ടിയുടെ 92 എംഎൽഎമാരിൽ രണ്ട് സ്ത്രീകളടക്കം 10 പേർ മെഡിക്കൽ മേഖലയിൽ നിന്നുള്ളവരാണ്.