ചണ്ഡിഗഡ് : പഞ്ചാബിൽ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിക്കായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കോൺഗ്രസിന് അഭിമാന പോരാട്ടം നടക്കുന്ന പഞ്ചാബിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ (ഫെബ്രുവരി 6) പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി ഔദ്യോഗിക പ്രഖ്യാപനം നടത്തും.
നേരത്തേ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, പഞ്ചാബ് പ്രസിഡന്‍റ് നവജ്യോത് സിങ് സിദ്ദു എന്നിവരെ പരിഗണിച്ചുകൊണ്ട് അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. വോട്ടെടുപ്പിൽ ചന്നിക്കാണ് നിലവിൽ മുൻതൂക്കമെന്നതിനാൽ അദ്ദേഹത്തിന്‍റെ പേര് ഏറെക്കുറെ തീരുമാനമായ സ്ഥിതിയാണ്.
ഫത്തേഗഡ്, ബദൗര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി ദളിത് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ചരൺജിത് സിങ് ചന്നിയാകുമെന്ന് ഒരു പരിധി വരെ തീരുമാനമായതാണ്. അതേസമയം മുഖ്യമന്ത്രിയുടെ മുഖമായി ഏത് പേരും സ്വീകരിക്കുമെന്ന് ചരൺജിത്തിൽ നിന്നും സിദ്ദുവിൽ നിന്നും കോൺഗ്രസ് സമ്മതം വാങ്ങുകയും ചെയ്‌തു.
ALSO READ:തന്‍റെ പഞ്ചാബ് മോഡൽ ജനജീവിതം മാറ്റിമറിക്കുന്നതെന്ന് നവ്ജ്യോത് സിങ് സിദ്ദു
മുഖ്യമന്ത്രിയായി ആരെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചാലും എല്ലാ പ്രവർത്തകരും സ്വീകരിക്കുമെന്നും പാർട്ടിയും അതിന് പിന്തുണ നൽകുമെന്നും ചരൺജിത് സിങ് ചന്നി തന്നെ അറിയിച്ചിട്ടുമുണ്ട്. 60 എംഎൽഎമാരെ വിജയിപ്പിക്കാൻ ആർക്കാണ് ശക്തിയെന്ന് വരാനിരിക്കുന്ന പ്രഖ്യാപനം തീരുമാനിക്കുമെന്നായിരുന്നു സിദ്ദുവിന്‍റെ പ്രതികരണം. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതുകൊണ്ട് കോൺഗ്രസിന് യതൊരു പ്രയോജനവുമില്ലെന്നും പകരം എതിരാളികൾക്ക് വിമർശിക്കാനുള്ള അവസരം മാത്രമാണ് അതുകൊണ്ട് ലഭിക്കുകയെന്നുമായിരുന്നു കോൺഗ്രസ് എംപിയും സ്ഥാനാർഥിയുമായ പ്രതാപ് സിങ് ബജ്‌വയുടെ പ്രതികരണം.
നേരത്തേ ആം ആദ്‌മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനുപിന്നാലെ കോൺഗ്രസിന് മേൽ സമ്മർദ്ദം ശക്തമാണെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് ഗുർവീന്ദർ സിങ് ബാലി പറഞ്ഞു. ആത്യന്തികമായ തീരുമാനം പാർട്ടിയുടേതാണ്. ഇത്തരമൊരു സാഹചര്യത്തിൽ സ്ഥാനാർഥിയായി ചില മുഖങ്ങളെ പ്രഖ്യാപിക്കണമെന്ന സമ്മർദം ജനങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. അതിനാലാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. എന്നാൽ അന്തിമതീരുമാനം എടുക്കുന്നത് എംഎൽഎമാർ മാത്രമാണെന്നും അതിലും പാർട്ടിയുടെ ഇഷ്ടം തന്നെയാണ് പ്രധാനമെന്നും ബാലി വ്യക്തമാക്കി.