ചണ്ഡീഗഢ്: കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നവരുമായി കേന്ദ്രസര്‍ക്കാര്‍ ഉടൻ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി. ആശങ്കയിലായ കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാൻ ഡിസംബര്‍ മൂന്ന് വരെ കാത്തിരിക്കുന്നത് പ്രക്ഷോഭം വര്‍ധിപ്പിക്കുന്നതിനെ സഹായിക്കുകയുള്ളൂവെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാനും സിംഗ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന കർഷകർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഉടനടി നടപടിയെടുക്കേണ്ടതുണ്ടെന്നും അവർ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയോ കഴിഞ്ഞ മൂന്ന് മാസമായി ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളിൽ ഏർപ്പെടുകയോ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകർക്ക് രാജ്യ തലസ്ഥാനത്തേക്ക് പോകാനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ശബ്‌ദമുയർത്താനുമുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. വൃദ്ധരും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടുന്ന കർഷകർക്ക് നേരെ ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്നതും ജലപീരങ്കികൾ ഉപയോഗിക്കുന്നതും ഞെട്ടിപ്പിക്കുന്ന രീതികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത സുരക്ഷാ വിന്യാസത്തിനിടയിലാണ് കേന്ദ്രത്തിന്‍റെ കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധ മാർച്ചിന്‍റെ ഭാഗമായി കർഷകർ ഡൽഹിയിലേക്ക് പോകുന്നത്.