ചണ്ഡിഗഡ് : സംസ്ഥാനത്ത് തെറ്റായ രീതിയിൽ സർക്കാർ നിയമനം നേടിയവർക്കെതിരെ നടപടിക്കൊരുങ്ങി പഞ്ചാബ് സർക്കാർ. യോഗ്യതയില്ലാതെയും, വ്യാജ ബിരുദങ്ങളുമായും സർക്കാർ ജോലി ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അവർക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ ട്വിറ്ററിലൂടെ അറിയിച്ചു.
'വളരെ സ്വാധീനമുള്ളവരുടെയും രാഷ്‌ട്രീയക്കാരുടെയും ബന്ധുക്കൾ വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് സർക്കാർ ജോലിയിൽ പ്രവേശിച്ചതായുള്ള നിരവധി കേസുകൾ എന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരക്കാർക്കെതിരെ നടപടിയെടുക്കും. ഇതിലൂടെ അർഹതയുള്ള തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാനുള്ള അവസരം ഉണ്ടാക്കും. പഞ്ചാബിലെ ജനങ്ങളിൽ നിന്ന് ദുരുപയോഗം ചെയ്‌ത നികുതികൾക്ക് ഞങ്ങൾ അവരെ ഉത്തരവാദികളാക്കാൻ പോകുന്നു', ഭഗവന്ത് മാൻ പറഞ്ഞു.
നേരത്തെ സംസ്ഥാനത്ത് 25,000-ഓളം അനധികൃത നിയമനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. കാബിനറ്റ് മന്ത്രി ഹർജോത് ബെയിൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചാബ് അസംബ്ലി റിക്രൂട്ട്‌മെന്‍റ് അഴിമതി കേസിലും സർക്കാർ അന്വേഷണം നടത്തുന്നുണ്ട്. പഞ്ചാബിലെ വിദാൻ സഭയിൽ അനധികൃത നിയമനങ്ങൾ നടത്തി എന്നാണ് പരാതി. പഞ്ചാബ് നിയമസഭാ സ്‌പീക്കർ കുൽതാർ സിങ് സാന്ധ്‌വാനാണ് ഇത് അന്വേഷിക്കാൻ ഉത്തരവിട്ടത്.