ചണ്ഡീഗഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്ന പാതയിൽ സുരക്ഷ വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി. അവിടെ നടന്നത് പ്രകടനം മാത്രമാണ്. അതിനെ സുരക്ഷ വീഴ്‌ചയായി കണക്കാക്കാൻ ആകില്ല. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അതാണ് അവിടെ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി നേതാക്കൾ വാർത്ത സമ്മേളനങ്ങൾ നടത്തി ഊഷ്‌മളമായ ബന്ധം തകർക്കാനാണ് ശ്രമിക്കുന്നതെന്നും ഈ സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്നും ചന്നി വ്യക്തമാക്കി. സമാധാനപരമായി നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരെയാണ് പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയാകുന്നവരെന്ന് ആക്ഷേപിക്കുന്നതെന്നും സുരക്ഷാ വീഴ്‌ചയെന്ന് പറയത്തക്കവിധത്തിൽ ഒന്നും തന്നെ അവിടെ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാലാവസ്ഥ മോശമാണെന്നും കഴിയുമെങ്കിൽ പരിപാടി മാറ്റിവക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. ഹെലികോപ്‌റ്ററിൽ പോകേണ്ടിയിരുന്ന അദ്ദേഹം ഒടുവിൽ റോഡ് മാർഗം തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷ സെൻട്രൽ ഏജൻസികൾക്ക് കീഴിലാണെന്ന് പറഞ്ഞ ചന്നി മോദി വീണ്ടും പഞ്ചാബിൽ സന്ദർശനം നടത്തണമെന്നും ആവശ്യപ്പെട്ടു.
അതേ സമയം പഞ്ചാബ് മുൻ കോൺഗ്രസ് പ്രസിഡന്‍റും കോൺഗ്രസ് ക്യാമ്പയിൻ കമ്മറ്റി ചെയർമാനുമായ സുനിൽ ജഖാർ സംഭവത്തിൽ അപലപിച്ചു. ഇന്ന് സംഭവിച്ചത് അംഗീകരിക്കാൻ ആകില്ലെന്നും അത് പഞ്ചാബിയത്തിന് എതിരാണെന്നും ശരിയായ രീതിൽ പ്രധാനമന്ത്രിക്ക് യാത്ര സൗകര്യം ഒരുക്കേണ്ടതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
READ MORE: ജീവൻ തിരികെ തന്നതിന് നന്ദി! പഞ്ചാബ് മുഖ്യമന്ത്രിയെ പരിഹസിച്ചും ക്ഷോഭിച്ചും പ്രധാനമന്ത്രി