ഛണ്ഡീഗഡ്: ഇതിഹാസ സ്പ്രിന്‍റർ മിൽഖ സിങിന്‍റെ സ്മരണയ്ക്കായി പട്യാലയിലെ സ്പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ മിൽഖ സിങ് ചെയർ പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. മിൽഖ സിങിന്‍റെ വിയോഗം നമുക്കെല്ലാവർക്കും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്‍റെ ജീവിതം യുവതലമുറക്ക് പ്രചോദനമാകും. സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ മിൽഖ സിങ് ചെയർ ഞങ്ങൾ സ്ഥാപിക്കും, ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞു.
"മിൽഖ സിങ്ജിയുടെ നിര്യാണത്തിൽ വിഷമമുണ്ട്. ഇത് ഒരു യുഗത്തിന്‍റെ അവസാനത്തെ സൂചിപ്പിക്കുന്നു. ഫ്ലൈയിംഗ് സിഖിന്‍റെ ഇതിഹാസ ജീവിതം വരും തലമുറകളിലും പ്രതിഫലിക്കും. സമാധാനത്തോടെ വിശ്രമിക്കൂ സർ!" ക്യാപ്റ്റൻ അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.
ALSO READ: 'മികവിലേക്ക് ലക്ഷ്യം വെയ്ക്കാന്‍ രാജ്യത്തെ പ്രചോദിപ്പിച്ച ജീവിതം' മില്‍ഖയ്ക്ക് അനുശോചനവുമായി കോലി
ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് താരം മിൽഖ സിങ് ചണ്ഡിഗഡിലെ പിജിഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി 11.30ന് ആണ് മരണം സംഭവിച്ചത്. കൊവിഡ് ബാധയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. 91 വയസായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്‍റെ ഭാര്യ നിർമൽ കൗറും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.ഇന്നത്തെ പാകിസ്ഥാനിലെ ഗോപിന്ദപുരയിൽ ജനിച്ച മിൽഖ സിംഗ് 400 മീറ്റർ വിഭാഗത്തിൽ എഷ്യൻ ഗെയിംസിലും കോമണ്‍വെൽത്ത് ഗെയിംസിലും സ്വർണം നേടിയ ഏക ഇന്ത്യക്കാരനാണ്. നാല് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മിൽഖ സിംഗിനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.