ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ രണ്ടാംഘട്ട പട്ടിക ചൊവ്വാഴ്‌ച പുറത്തുവിട്ട് കോണ്‍ഗ്രസ്. 23 സ്ഥാനാർഥികളാണ് ഈ പട്ടികയിലുള്ളത്. ജനുവരി 15 ന് 86 പേരെ ഉള്‍പ്പെടുത്തി ആദ്യഘട്ട ലിസ്‌റ്റ് പുറത്തിറക്കിയിരുന്നു.
മുൻ മുഖ്യമന്ത്രി ഹർചരൺ സിങ് ബ്രാറിന്‍റെ മരുമകൾ കരൺ ബ്രാര്‍ ലിസ്‌റ്റില്‍ ഉള്‍പ്പെട്ടു. ഇവര്‍ മുക്ത്‌സറിൽ നിന്ന് മത്സരിയ്‌ക്കും. സംസ്ഥാനത്ത് ആകെ 117 നിയമസഭ സീറ്റുകളാണുള്ളത്. പുതിയ പട്ടിക പുറത്തുവന്നതോടെ ആകെ സ്ഥാനാര്‍ഥികളുടെ എണ്ണം 109 ആയി.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദുവിന്‍റെ സഹായി സ്‌മിത് സിങ് അമർഗഡ് നിയമസഭ സീറ്റിൽ നിന്നും മുൻ മുഖ്യമന്ത്രി രജീന്ദർ കൗർ ഭത്തലിന്‍റെ മരുമകൻ വിക്രം ബജ്‌വ സാഹ്‌നേവാൾ മണ്ഡലത്തിൽ നിന്നും മത്സരിക്കും.
അമരീന്ദറിന്‍റെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല
മുൻ പഞ്ചാബ് മന്ത്രി അശ്വനി സെഖ്രി കഴിഞ്ഞ തവണ പരാജയപ്പെട്ട ബറ്റാലയില്‍ വീണ്ടും ജനവിധി തേടും. മുൻ എം.എൽ.എ ഹർചന്ദ് കൗറിനെ മെഹൽ കലാൻ മണ്ഡലത്തിൽ നിന്നും ഭോവയിലെ നിലവിലെ എം.എൽ.എ ജോഗീന്ദർ പാലയെ അതേ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കും.
മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്‍റെ സിറ്റിങ് സീറ്റായ പട്യാല അർബൻ ഉൾപ്പെടെ എട്ട് നിയമസഭ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാന്‍ കോൺഗ്രസ് ഇതുവരെ തയ്യാറാകാത്തത് ശ്രദ്ധേയമായി.
കോണ്‍ഗ്രസ് വിട്ട അമരീന്ദർ അടുത്തിടെ, പഞ്ചാബ് ലോക് കോൺഗ്രസ് പാര്‍ട്ടി രൂപീകരിച്ചിരുന്നു. കാര്‍ഷിക നിയമം പിന്‍വലിച്ച സാഹചര്യത്തില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് അമരീന്ദർ സിങ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദു, മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ഉള്‍പ്പെടെ 86 പേരാണ് ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്.
ALSO READ: India Republic Day | രാജ്യം 73ാം റിപ്പബ്ലിക്ക് ദിന നിറവിൽ; പരേഡ് രാവിലെ 10.30ന്
നവ്‌ജോത് സിങ് സിദ്ധു അമൃത്‌സർ ഈസ്റ്റിൽ നിന്നും ചാംകൗർ സാഹിബ് മണ്ഡലത്തിൽ നിന്നും ചരൺജിത് സിങ് ചന്നിയും മത്സരിക്കും. മുഖ്യമന്ത്രിയായി തുടരാന്‍ ചന്നിയും മുഖ്യമന്ത്രിയാവാന്‍ സിദ്ദുവും ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട്, പോര് മുറുകുന്നുവെന്ന് വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് ഇരുവരെയും കോണ്‍ഗ്രസ് അങ്കത്തട്ടിലേക്ക് ഇറക്കിവിടുന്നത്.