ചണ്ഡീഗഢ്: ആം ആദ്‌മി തരംഗം ആഞ്ഞടിക്കുന്ന പഞ്ചാബില്‍, വോട്ടെടുപ്പിന്‍റെ ആദ്യ രണ്ട് മണിക്കൂറുകള്‍ പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു, കോണ്‍ഗ്രസ് മന്ത്രിമാർ, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പിന്നില്‍.
അമൃത്‌സര്‍ ഈസ്റ്റില്‍ നിന്ന് ജനവിധി തേടുന്ന നവ്‌ജ്യോത് സിങ് സിദ്ദു ലീഡ് നിലയില്‍ മൂന്നാമതാണ്. ആം ആദ്‌മി പാര്‍ട്ടിയുടെ ജീവന്‍ ജ്യോത് കൗര്‍ ലീഡ് ചെയ്യുന്ന മണ്ഡലത്തില്‍ ശിരോമണി അകാലി ദളിന്‍റെ ബിക്രം സിങ് മജീതിയ ആണ് രണ്ടാം സ്ഥാനത്ത്. നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെ സിറ്റിങ് സീറ്റാണ് അമൃത്‌സര്‍ ഈസ്റ്റ്.
പട്യാലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന അമരീന്ദര്‍ സിങും പിന്നിലാണ്. വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ആറായിരത്തോളം വോട്ടുകള്‍ക്ക് പിന്നിലാണ് അമരീന്ദര്‍. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, മത്സരിക്കുന്ന രണ്ടിടങ്ങളിലും പിന്നിലാണ്. ചാംകൗര്‍ സാഹിബ്, ബദൗര്‍ എന്നി മണ്ഡലങ്ങളിലാണ് ചന്നി മത്സരിക്കുന്നത്. ഇതില്‍ ബദൗര്‍ മണ്ഡലം എഎപിയുടെ സിറ്റിങ് സീറ്റാണ്. രണ്ടിടങ്ങളിലും എഎപി സ്ഥാനാർഥിയാണ് മുന്നില്‍.
ആദ്യ റൗണ്ട് വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ലംബി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ശിരോമണി അകാലി ദളിന്‍റെ മുതിര്‍ന്ന നേതാവ് പ്രകാശ് സിങ് ബാദല്‍ 1,400 വോട്ടുകള്‍ക്ക് പിന്നിലാണ്. പഞ്ചാബിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥിയാണ് പ്രകാശ് സിങ് ബാദല്‍. ലാംബിയില്‍ എഎപി സ്ഥാനാര്‍ഥിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം, നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന 117 മണ്ഡലങ്ങളില്‍ 90 ഇടത്താണ് ആം ആദ്‌മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. 12 ഇടത്ത് കോണ്‍ഗ്രസും എട്ടിടത്ത് ശിരോമണി അകാലി ദളും മുന്നേറുന്നു. ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ മൂന്നിടങ്ങളിലും ബിഎസ്‌പി, സ്വതന്ത്ര സ്ഥാനാര്‍ഥി ഒന്ന് വീതം എന്നിങ്ങനെയുമാണ് നിലവിലെ ലീഡിങ് നില.
Also read: പഞ്ചാബ്: ആം ആദ്‌മി പാര്‍ട്ടിയ്ക്ക് വ്യക്തമായ ലീഡ്, അമരീന്ദര്‍ സിങ് പിന്നില്‍