ചണ്ഡീഗഡ് : അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ഭാഗമായി പഞ്ചാബ് നാളെ പോളിങ് ബൂത്തിലേക്ക്. ഒറ്റ ഘട്ടമായാണ് പഞ്ചാബിൽ പോളിങ് നടക്കുക.
23 ജില്ലകളിലെ 117 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്‌ച വോട്ടെടുപ്പ് നടക്കുക. 93 വനിതകൾ ഉൾപ്പെടെ 1,304 സ്ഥാനാർഥികളാണ് പഞ്ചാബിൽ ജനവിധി തേടുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിക്ക് അവസാനിക്കും.
2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 10 വർഷം അധികാരത്തിലിരുന്ന ശിരോമണി അകാലിദൾ-ബിജെപി സർക്കാരിനെ പുറത്താക്കി 77 സീറ്റുകൾ നേടി കോൺഗ്രസ് കേവല ഭൂരിപക്ഷം നേടിയിരുന്നു.
ഇത്തവണ അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാർട്ടിയും കളത്തിലിറങ്ങുന്നതിനാൽ ത്രികോണ മത്സരത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്.
പ്രധാന സ്ഥാനാർഥികളും മണ്ഡലങ്ങളും
നവജ്യോത് സിങ് സിദ്ദു (കോൺഗ്രസ്)- അമൃത്‌സർ
ഭഗവന്ത് മാൻ (ആം ആദ്‌മി പാർട്ടി)- ധുരി
ചരൺജിത് സിങ് ചന്നി (കോൺഗ്രസ്)- ഭദൗർ, ചംകൗർ സാഹിബ്
സുഖ്ബീർ സിങ് ബാദൽ (ശിരോമണി ആകാലിദൾ)- ജലാലബാദ
ക്യാപ്റ്റൻ അമരീന്ദർ സിങ് (പഞ്ചാബ് ലോക് കോൺഗ്രസ്)- പട്യാല
പ്രകാശ് സിങ് ബാദൽ (ശിരോമണി ആകാലിദൾ)- ലാംബി
സുഖ്‌പാൽ ഖൈർ (കോൺഗ്രസ്)- ഭോലൂത്ത്
കുൽവന്ത് സിങ് (ആം ആദ്‌മി പാർട്ടി)- മൊഹാലി
മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോൺഗ്രസ്, സുഖ്‌ദേവ് സിങ് ദിൻഡ്‌സയുടെ നേതൃത്വത്തിലുള്ള ശിരോമണി ആകാലിദൾ(സൻയുക്ത്) എന്നിവയുമായി സഖ്യം ചേർന്നാണ് ബിജെപി പഞ്ചാബ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.