ചത്തീസ്‌ഗഡ്: പഞ്ചാബ് എഎപി അമർഗഡ് എംഎൽഎ ജസ്വന്ത് ഗജ്ജൻ മജ്രയുടെ വസതിയിൽ നടന്ന റെയ്‌ഡില്‍ 32 ലക്ഷവും രേഖകളും പിടിച്ചെടുത്തു. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ (ഇഡി) 14 മണിക്കൂർ നീണ്ട പരിശോധനയിലാണ് നടപടി. പുറമെ, എംഎല്‍എയുടെ സഹോദരന്‍റെ മൊബൈല്‍ ഫോണും ഇഡി പിടിച്ചെടുത്തു.
വെള്ളിയാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 9) ഇഡി നടപടി. എംഎല്‍എയുടെ സഹോദരന്‍റെ വീട്, സ്‌കൂൾ, ഫാക്‌ടറി എന്നിവിടങ്ങളിൽ നിന്നും രേഖകളും കണ്ടെടുത്തു. അതേസമയം, ഇഡി റെയ്‌ഡിന് ശേഷം ജസ്വന്ത് ഗജ്ജൻ മജ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.
''എന്തെങ്കിലും തരത്തിലുള്ള സമ്മർദത്തിന് വഴങ്ങില്ല. കണ്ടെടുത്ത പണം ബിസിനസ് സംബന്ധമായത് ആയിരുന്നു. ഇഡിയുടെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും.'' - അദ്ദേഹം പറഞ്ഞു. 14 ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കുണ്ടായിരുന്നത്. എംഎൽഎയുടെയും സഹോദരന്‍റെയും മൊഴി ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.