മുംബൈ: പൂനെയിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ മുംബൈ കോർപ്പറേഷന് അംഗം അറസ്റ്റിൽ. സുനിത് വാഗ്മറെയാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിൽ വച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
വിവാഹിതനായ പ്രതി 28കാരിയായ യുവതിക്ക് ജോലി വാഗ്ദാനം ചെയ്താണ് പരിചയം സ്ഥാപിച്ചത്. പിന്നീട് വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഇത് എതിർത്ത യുവതിയെ വിവാഹം കഴിക്കാനായി പ്രതി ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താൻ നിരന്തരം വക്കീലിനെ കാണാറുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ മാർച്ച് അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണങ്ങൾക്കായി മുംബൈ പൊലീസ് കേസ് ലോണാവാല പൊലീസിന് കൈമാറി.