മുംബൈ: പൂനെയിലെ കെമിക്കൽ പ്ലാന്‍റിൽ തിങ്കളാഴ്‌ച ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കൂടുതൽ ഇരകൾക്കായി തിരച്ചിൽ തുടരുന്നു. കൂടാതെ പ്ലാന്‍റിൽ ഏതുതരം രാസവസ്തുക്കളും പദാർഥങ്ങളുമാണ് ഉപയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനായി കമ്പനിയുടെ ഉടമയെ ചോദ്യം ചെയ്യുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാൽസെ-പട്ടീൽ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ മനസിലാക്കും.
ഇതുവരെ കണ്ടെത്തിയത് 18 മൃതദേഹങ്ങൾ
പ്ലാന്‍റിന്‍റെ പരിസരത്തു നിന്നും തിങ്കളാഴ്‌ച 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) സന്ദേഷ് ഷിർക്കെ അറിയിച്ചിരുന്നു. ക്ലോറിൻ ഡൈ ഓക്സൈഡ് ഉൽപാദിപ്പിക്കുന്ന പൂനെയിലെ എസ്‌വിഎസ് അക്വ ടെക്നോളജീസിന്‍റെ പ്ലാന്‍റിലാണ് അഗ്നിബാധ ഉണ്ടായത്. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. ഇരുട്ടും ചൂടും കാരണം തിങ്കളാഴ്‌ച രാത്രി തിരച്ചിൽ നിർത്തിവയ്‌ക്കുകയും തുടർന്ന് ചൊവ്വാഴ്‌ച രാവിലെ പുനരാരംഭിക്കുകയുമായിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം
അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്‌ഡിഎം ഷിർക്കെ അറിയിച്ചു. ഇതിനായി എസ്‌ഡിഎമ്മിന്‍റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. കൂടാതെ കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സസൂൺ ജനറൽ ആശുപത്രിയിലേക്ക് അയച്ചതായും ഷിർക്കെ കൂട്ടിച്ചേർത്തു. അഗ്നിബാധയുടെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകുമെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ നേരത്തെ വ്യക്തമാക്കിയിരുന്നു.