ശ്രീനഗർ: പുൽവാമ ജില്ലയിൽ ജമ്മു കശ്‌മീർ പൊലീസും ഹിസ്‌ബുൽ മുജാഹിദീൻ തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളിൽ ഒരാൾ മുസൈബ് മുഷ്താഖ് എന്നയാളാണെന്നും ട്രാലിലെ ലുർഗാം പ്രദേശത്ത് കഴിഞ്ഞ മാസം സർക്കാർ ജീവനക്കാരനായ ജാവിദ് അഹമ്മദ് മാലികിന്‍റെ കൊലപാതകത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ടാമത്തെയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: മുംബൈ-നാഗ്‌പൂർ എക്‌സ്പ്രസ് ഹൈവേയിൽ അപകടം; 13 പേർ കൊല്ലപ്പെട്ടു
പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്, കരസേന, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘം നടത്തിയ തെരച്ചിലിലാണ് തീവ്രവാദികളെ വധിച്ചത്. സംയുക്ത സേന സംഭവ സ്ഥലത്ത് എത്തിയപ്പോൾ മറഞ്ഞിരുന്ന തീവ്രവാദികൾ സംഘത്തിന് നേരെ വെടിയുതിർത്തതിനെ തുടർന്നാണ് പൊലീസും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.