ചെന്നൈ : യൂണിഫോമും ബാഗും ഐഡി കാർഡും ധരിച്ച് സൈക്കിളിൽ നിയമസഭയിൽ എത്തി എംഎൽഎമാർ. പുതുച്ചേരിയിലെ ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) എംഎൽഎമാരാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. അധ്യയനം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വിദ്യാർഥികൾക്ക് യൂണിഫോമുകളും പുസ്‌തകങ്ങളും വിതരണം ചെയ്യാത്ത സർക്കാരിനെതിരെയാണ് എംഎൽഎമാരുടെ പ്രതിഷേധം.
സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് സർക്കാർ യാതൊരു പ്രാധാന്യവും നൽകുന്നില്ല. ജി20 വേദി ഒരുക്കാൻ മാത്രമാണ് സർക്കാരിന് താൽപര്യമെന്നും എംഎൽഎമാർ ആരോപിച്ചു. കഴിഞ്ഞ രണ്ട് വർഷമായി സ്‌കൂൾ വിദ്യാർഥികൾക്ക് യൂണിഫോം, സൈക്കിൾ, പുസ്‌തകങ്ങൾ എന്നിവ സമയത്ത് നൽകിയിട്ടില്ല. ഗുണമേന്മയുള്ള ഉച്ചഭക്ഷണവും നൽകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആർ ശിവ ആരോപിച്ചു.
ബിജെപി എഐഎൻആർസി സഖ്യമാണ് പുതുച്ചേരിയിൽ ഭരണത്തിലുള്ളത്. വിദ്യാർഥികളോട് സർക്കാർ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. വിദ്യാർഥികൾക്ക് വേണ്ട യൂണിഫോമും പുസ്‌തകങ്ങളും എത്രയും വേഗം നൽകണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. എംഎൽഎമാരുടെ വേറിട്ട പ്രതിഷേധം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.