ഡിയോറിയ (ഉത്തർപ്രദേശ്): പബ്‌ജി കളിക്കുന്നത് എതിർത്ത മുത്തച്ഛനെയും മുത്തശ്ശിയെയും ജയിലിലാക്കാൻ മുത്തച്ഛന്‍റെയടുത്ത് സ്വകാര്യ ട്യൂഷന് വരുന്ന ആറ് വയസുകാരനെ കൊലപ്പെടുത്തി 18കാരൻ. ഉത്തർപ്രദേശിലെ ഡിയോറിയയിലെ ലാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹർകൗളിയിലാണ് ദാരുണ സംഭവം. നരസിങ് ശർമയുടെ ചെറുമകനായ അർജുൻ ശർമയാണ് ആറ് വയസുകാരനായ സൻസ്‌കാറിനെ കൊലപ്പെടുത്തിയത്.
ബുധനാഴ്‌ച ട്യൂഷന് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയ സൻസ്‌കാറിനെ അർജുൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടി വീടിനടുത്തെത്തിയപ്പോൾ വായിൽ ഫെവിക്വിക് (പശ) വെച്ച് ഒട്ടിക്കുകയും ശുചിമുറിയിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്‌തു. കുട്ടിയെ തിരികെക്കൊണ്ടുപോകാൻ അച്ഛൻ എത്തിയപ്പോൾ സൻസ്‌കാർ ട്യൂഷന് എത്തിയിട്ടില്ലെന്ന് നരസിങ് ശർമ വിവരം നൽകി. ഇതിനിടെ കുട്ടിയുടെ വീട്ടുവളപ്പിൽ നിന്ന് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കണ്ടെത്തി.
സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ അർജുൻ ശർമയെ ചോദ്യം ചെയ്‌തപ്പോൾ പ്രതി കൊലപാതക കുറ്റം സമ്മതിക്കുകയായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട ശേഷം സൻസ്‌കാറിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം ശുചിമുറിയിൽ ഒളിപ്പിച്ചുവെന്നും അർജുൻ പൊലീസിനോട് സമ്മതിച്ചു. കൂടുതൽ ചോദ്യം ചെയ്‌തപ്പോഴാണ് പബ്‌ജി കളിച്ചത് എതിർത്തതിന് മുത്തച്ഛനെയും മുത്തശ്ശിയും ജയിലിലയക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പെടുത്തിയത്.