ഹൈദരാബാദ്: ഇതുപോലൊരു കേസ് ഇതാദ്യമാണെന്ന് തെലങ്കാനയിലെ പൊലീസുകാരെ കൊണ്ട് പറയിപ്പിച്ച അതിദാരുണമായ സംഭവം. പകല്‍ മുഴുവന്‍ വഴിയോരങ്ങളില്‍ ഭിക്ഷ യാചിച്ച് നടക്കും. രാത്രിയായാല്‍ വഴിയോരങ്ങളിലും കടത്തിണ്ണകളിലും കിടന്നുറങ്ങുന്നവരെ ക്രൂരമായി കൊലപ്പെടുത്തും. കൊലപാതകം നടത്തുന്നതാകട്ടെ മദ്യവും കഞ്ചാവും വാങ്ങാന്‍ പണമില്ലാതാകുമ്പോള്‍. കൊലപാതകത്തിന് ശേഷം പണം കൈക്കാലാക്കി കടന്നു കളയും. എന്നാല്‍ ഒടുക്കം ഇയാള്‍ പൊലീസിന്‍റെ വലയിലായി.
ഹൈദരാബാദിലെ സബർബ് മൈലാർദേവ്പള്ളിയില്‍ വച്ച് ഇന്നലെയാണ് സൈക്കോ കില്ലറെ പൊലീസ് അറസ്റ്റ് ചെയ്‌തത്. രംഗറെഡ്ഡി ജില്ലയിലെ രാജേന്ദ്ര നഗര്‍ മാണിക്യമ്മ കോളനി നിവാസിയായ ബഗാരി പ്രവീണ്‍ (34) എന്നയാളാണ് അറസ്റ്റിലായത്. കൊലപാതകത്തെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക ദൃശ്യം പൊലീസിന് ലഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.
14 ദിവസത്തിനിടെ ഇയാള്‍ മൂന്ന് പേരെയാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് മൈലാർദേവ്പള്ളി പൊലീസ് പറഞ്ഞു. 2014ലെ മറ്റൊരു കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് കൊലപാതകങ്ങള്‍ നടത്തിയത്. ഇയാള്‍ക്കെതിരെ നിലവില്‍ എട്ട് കൊലപാതക കേസുകളും ഒരു ബാലാത്സംഗവും അഞ്ച് കവര്‍ച്ച കേസുകളും ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഡിസിപി ജഗദീശ്വർ റെഡ്ഡി പറഞ്ഞു. 500 രൂപ ആവശ്യമുള്ളപ്പോഴെല്ലാം പ്രതി കൊലപാതകങ്ങൾ നടത്തുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി ഡിസിപി പറഞ്ഞു. മദ്യവും മയക്കും മരുന്നും ഉപയോഗിച്ച് റോഡുകളിലെല്ലാം കറങ്ങി നടക്കുന്ന ഇയാള്‍ രാത്രി അല്‍പ സമയം ഉറങ്ങിയതിന് ശേഷമാണ് കൊലപാതകങ്ങള്‍ നടത്തുന്നത്.
ഈ മാസം മൂന്ന് കൊലപാതകം: ജൂണ്‍ 7ന് മെലാര്‍ദേവ് പള്ളി നേതാജി നഗറിലെ റെയില്‍വേ ട്രാക്കിന് സമീപം കിടന്നുറങ്ങിയ യാചകനെ ഇയാള്‍ തലക്കടിച്ച് കൊലപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. ജൂണ്‍ 21ന് പണത്തിനായി ഇയാള്‍ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയിട്ടുണ്ട്.
മൈലാര്‍ദേവ്പള്ളി സ്വപ്‌ന തിയേറ്ററിന് സമീപം കിടന്നുറങ്ങുകയായിരുന്ന 40 കാരനായ വഴിയോര കച്ചവടക്കാരനെയും ഇയാള്‍ കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ ദുര്‍ഗാനഗര്‍ ക്രോസ് റോഡിന് സമീപമെത്തിയ ഇയാള്‍ റോഡിന് സമീപത്തെ ഷെഡ്ഡില്‍ കഴിയുന്നയാളെയും കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2011ലെ ഇയാളുടെ കൊലപാതകം: കുട്ടിക്കാലം മുതല്‍ ലഹരിക്ക് അടിമയാണ് ഇയാള്‍. 2011ല്‍ ഇയാളും കൂട്ടാളികളും ചേര്‍ന്ന് രാജേന്ദ്ര നഗറില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് പിന്നില്‍ മോഷണമായിരുന്നു ലക്ഷ്യം. രാജേന്ദ്ര നഗറിലെ വീട്ടിലെത്തിയ ഇയാളും കൂട്ടാളികളും ചേര്‍ന്ന് വീട്ടുടമയായ യാദയ്യ എന്നയാളെ ദാരുണമായി കൊലപ്പെടുത്തി. ഇയാളുടെ ഭാര്യയെ പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
ബഹളം കേട്ടുണര്‍ന്ന ഇവരുടെ പത്ത് വയസായ മകനെയും ദാരുണമായി കൊലപ്പെടുത്തി. കൊലപാതത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് രക്ഷപ്പെട്ട ഇയാള്‍ തൊട്ടടുത്ത ദിവസം രാജേന്ദ്ര നഗറിലെ ക്ഷേത്രത്തിലെത്തി പൂജാരിയായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തതായി അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതിയുടെ പെരുമാറ്റം: സൈക്കോ കില്ലറായ ഇയാളുടെ പെരുമാറ്റം തങ്ങളെ ഏറെ ഞെട്ടിച്ചുവെന്ന് പൊലീസ്. എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ചോദിച്ചപ്പോള്‍ 'ഞാന്‍ കൊന്നു...അതാണ്....ഇനി നമ്മള്‍ എന്ത് ചെയ്യും?' എന്നാണ് ഇയാളുടെ മറുപടിയെന്നും പൊലീസ് പറഞ്ഞു.