കലബുര്‍ഗി: കര്‍ണാടക സര്‍ക്കാരിന്‍റെ പൊതുപരീക്ഷയായ പി.എസ്.ഐ പരീക്ഷ ക്രമക്കേടിലെ മുഖ്യപ്രതി ദിവ്യ ഹഗരഗിയെയും മറ്റ് നാല് പേരെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് അറസ്റ്റ് ചെയ്‌തു. ഇന്നലെ പിടിയിലായ കേസിലെ മറ്റൊരു പ്രതി ജ്യോതി പാട്ടീലിനെ ചോദ്യം ചെയ്‌തതിനെ തുടന്ന് ലഭിച്ച സൂചനയിൽ നിന്നാണ് പൂനെയിലെത്തി ഇവരെ അറസ്റ്റ് ചെയ്‌തത്.
പരീക്ഷയിൽ ക്രമക്കേട് നടന്ന ഗ്യാൻ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രൊപ്രൈറ്റർ ദിവ്യ ഹഗരഗിയെ കൂടാതെ സ്‌കൂളിന്‍റെ ഹെഡ്‌മാസ്റ്റർ കാശിനാഥ്, സൂപ്പർവൈസർ അർച്ചന, സുനന്ദ, പരീക്ഷാർഥി ശാന്താഭായ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരെ ഇന്ന് കലബുറഗി സിഐഡി ഓഫീസിലേക്ക് കൊണ്ടുവരും.
നേരത്തെ ദിവ്യ ഹഗരഗിയുടെ വസതിയിലെത്തി സിഐഡി റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡ് നടക്കുമ്പോൾ ദിവ്യ വീട്ടിൽ ഇല്ലാതിരുന്നതിനാൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന ആരോപണത്തെ തുടർന്ന് ഭർത്താവ് രാജേഷ് ഹഗരഗിയെ സിഐഡി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.
ALSO READ: പിഎസ്ഐ പരീക്ഷ ക്രമക്കേട്; അന്വേഷണം ഊർജിതമാക്കി കർണാടക സിഐഡി
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ 545 പിഎസ്ഐ തസ്‌തികകളിലേക്ക് നടന്ന പരീക്ഷയിലാണ് തട്ടിപ്പ് നടന്നതെന്ന് കണ്ടെത്തിയത്. പരീക്ഷയിൽ 52,000 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. ഇതിൽ ആദ്യ റാങ്കിൽ വന്ന പലരും ക്രമവിരുദ്ധമായി പരീക്ഷ എഴുതിയതെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ കൂടുതൽ ചുരുളഴിയുന്നത്
പരീക്ഷ അഴിമതിയുമായി ബന്ധപ്പെട്ട് ദിവ്യയുടെ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ വീരേഷ് എന്ന ഉദ്യോഗാർഥി അറസ്റ്റിലായിരുന്നു. 21 മാർക്കിന് മാത്രം പരീക്ഷ എഴുതിയ ഇയാൾക്ക് പരീക്ഷ ഫലത്തിൽ 100 മാർക്ക് ലഭിക്കുകയും ഏഴാം റാങ്ക് നേടുകയും ചെയ്‌തിരുന്നു. 36 ലക്ഷം രൂപ ഇതിനായി വീരേഷ് നൽകിയെന്നാണ് സിഐഡി കണ്ടെത്തിയത്.